ആദ്യം രണ്ട് പേര്‍ ഓടിയെത്തി, പിന്നാലെ ആയുധവുമായി ആറ് പേര്‍; മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ എട്ടംഗ സംഘം വെട്ടിപരിക്കേല്‍പ്പിക്കുന്നതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്‌


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ എടത്തില്‍ മുക്കില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ എട്ടംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. എടത്തില്‍ മുക്കില്‍ നെല്ലിക്കാത്താഴെക്കുനി സുനില്‍കുമാറിനാണ് വെട്ടേറ്റത്. തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ സുനിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മേപ്പയ്യൂര്‍ എടത്തില്‍ മുക്കില്‍ വെച്ച് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. ഇന്നോവ കാറിലെത്തിയ എട്ടംഗ സംഘം സുനിലിനെ ആക്രമിക്കുകയായിരുന്നു. റോഡിന് എതിര്‍വശത്തായി കാര്‍ നിര്‍ത്തിയിട്ട് ആദ്യം രണ്ട് പേരാണ് സുനിലിനെ അടിച്ചത്. പിന്നാലെ മറ്റൊരു ഭാഗത്ത് നിന്നും ഒരാള്‍ ഓടിയെത്തി സുനിലിനെ ചവിട്ടി. തുടര്‍ന്നായിരുന്നു കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടിവന്നത്.

അവസാനം വന്നയാള്‍ കൈയില്‍ വടിവാള്‍ പോലുള്ള ആയുധവുമായാണ് സുനിലിന്റെ അടുത്തേക്ക് എത്തിയത്. പിന്നീട് എട്ടുപേരും ചേര്‍ന്ന് ഇയാളെ നിലത്തിട്ട് ചവിട്ടുകയും ആയുധം വെച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഇതിനിടയില്‍
സുനില്‍ പ്രാണരക്ഷാര്‍ത്ഥം സമീപത്തുള്ള കടയിലേക്ക് ഓടിക്കയറുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. എന്നാല്‍ സുനിലിനെ സംഘം കടയില്‍ നിന്നും വീണ്ടു അടിച്ചിറക്കി പരിക്കേല്‍പ്പിക്കുകയായിരുന്നു.

മേപ്പയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചെയര്‍മാനായി വിജയിച്ചത് സുനിലിന്റെ മകനാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌ക്കൂളില്‍ പ്രശ്‌നങ്ങള്‍ നടന്നിരുന്നു. ആക്രമണത്തിന് പിന്നില്‍ മുസ്ലീം ലീഗ്‌ പ്രവര്‍ത്തകരാണ് എന്നാണ് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നത്. മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇന്നോവ കാറിലെത്തിയ എട്ടംഗ സംഘം സുനിലിനെ ആക്രമിക്കുകയായിരുന്നുവെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നു. പ്രാണരക്ഷാര്‍ത്ഥം സമീപത്തെ കടയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച സുനിലിനെ കടയില്‍ നിന്നും പിടിച്ചുതാഴെയിറക്കി ആക്രമിക്കുകയായിരുന്നുവെന്നും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.