‘സിപിഎം ബ്രാഞ്ച് ഓഫീസ് പ്രവര്‍ത്തനം; മേപ്പയ്യൂര്‍ സ്കൂളിലെ യുഡിഎസ്എഫിന്‍റെ വന്‍ പരാജയം’; പ്രകോപനങ്ങള്‍ പലത്, സുനിലിനെ വെട്ടിയ സംഘം എത്തിയത് കീഴ്പ്പയ്യൂരില്‍ നിന്ന്, അക്രമികളെ ഉടന്‍ പിടികൂടണമെന്ന് സിപിഎം


മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ അക്രമിച്ച സംഭവത്തില്‍ അക്രമികളെ ഉടന്‍ കണ്ടെത്തണമെന്നും നാട്ടില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിന് ആവശ്യമായി നടപടികള്‍ ഉണ്ടാകണമെന്നും സിപിഎം മേപ്പയ്യൂര്‍ ലോക്കല്‍ സെക്രട്ടറി രാധാകൃഷ്ണന്‍ കൊയിലാണ്ടി ഡോട് ന്യൂസിനോട് പറഞ്ഞു.

അക്രമികള്‍ എത്തിയത് കീഴ്പ്പയ്യൂര്‍ ഭാഗത്ത് നിന്നാണ്‌. മേപ്പയ്യൂര്‍ ഭാഗത്ത് സിപിഎമ്മിന് വലിയ സംഘടനാ വളര്‍ച്ച ഉണ്ടായ പ്രദേശമാണ്. കഴിഞ്ഞ ആഴ്ചയായിരുന്നു സിപിഎമ്മിന്റെ ഒരു ബ്രാഞ്ച് ഓഫീസ് അവിടെ പ്രവര്‍ത്തിച്ചു തുടങ്ങിയത്. അതിന്റെയൊക്കെ ഭാഗമായിട്ടാണ് സംഘടിതമായ അക്രമം നടന്നിരിക്കുന്നതെന്നാണ് അദ്ധേഹം പറഞ്ഞത്‌.

മേപ്പയ്യൂര്‍ സ്‌ക്കൂളിലെ ഇലക്ഷനുമായി ബന്ധപ്പെട്ട് ഇത്തവണ മുമ്പെങ്ങുമില്ലാത്ത രീതിയില്‍ കെ.എസ്.യുവും എം.എസ്.എഫും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്‌ക്കൂളില്‍ ഡി കാപ്പ്‌സ് എന്ന പേരില്‍ ഒരു കാറ്റഗറിക്കല്‍ സംഘടന ഉണ്ടാക്കിയാണ് അവര്‍ പ്രവര്‍ത്തിച്ചത്. അതില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പില്‍ ജയിക്കാമെന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. അതിന്റെയൊക്കെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ ഒരു അക്രമമുണ്ടായതെന്നാണ് അദ്ധേഹം പറഞ്ഞത്.

മേപ്പയ്യൂര്‍ എടത്തില്‍ മുക്കില്‍ വെച്ച് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ എടത്തില്‍ മുക്കില്‍ നെല്ലിക്കാത്താഴെക്കുനി സുനില്‍കുമാറിനെ എട്ടംഗസംഘം അക്രമിച്ചത്‌. തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ സുനിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.