കടല്‍ നിറയെ മത്തി, കൈ നിറയെ പിടിക്കുന്നതില്‍ കരുതല്‍ വേണം


കൊയിലാണ്ടി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മത്തിയാണ് വീട്ടിലെ താരം. 100 രൂപക്ക് രണ്ടും മൂന്നും കിലോ വരെ നല്ല രുചിയുള്ള നെയ് മത്തി വഴിയോരങ്ങളിലും മാര്‍ക്കറ്റിലും സുലഭം. യന്ത്രവല്‍കൃത ബോട്ടുകളുടെ ട്രോളിങ് നിരോധന സമയം മുതല്‍ വള്ളക്കാര്‍ക്കും തോണിക്കാര്‍ക്കും ലഭിക്കുന്ന മത്തിചാകര തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

കേരളീയരുടെ ഇഷ്ടമീനായ മത്തി കഴിഞ്ഞ വര്‍ഷങ്ങളിലായി നന്നേ കുറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും മത്തി കേരളതീരത്ത് വന്‍തോതില്‍ എത്തിയപ്പോള്‍ തുടക്കത്തില്‍ ഉണ്ടായ അത്ര ആവേശം ആളുകള്‍ക്ക് ഇല്ല. ഉയര്‍ന്ന ലഭ്യത മൂലം ഹാര്‍ബറില്‍ നിന്നും ടണ്‍ കണക്കിന് മത്തിയാണ് ലോറിയില്‍ കയറ്റി ഗോവ, മംഗളൂരു, തമിഴ്‌നാട് എന്നിവിടങ്ങളിലേക്ക് വളം നിര്‍മാണത്തിനായി കൊണ്ടുപോകുന്നത്.

കേരളത്തല്‍ മത്തിയുടെ ലഭ്യത കുറഞ്ഞ സമയത്ത് മിഴ്‌നാട്ടില്‍നിന്നും ആന്ധ്രയില്‍നിന്നും കടലൂര്‍ മത്തി എന്നപേരിലാണ് വലിയ നെയ്മത്തി സംസ്ഥാനത്തെത്തിയിരുന്നത്. ഒമാനില്‍നിന്ന് കണ്ടെയ്‌നര്‍ കപ്പലുകള്‍വഴി എത്തിക്കുന്ന വലിയ ഒമാന്‍ മത്തിയും വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ മത്തിയുടെ ഈ അമിത ലഭ്യതയുടെ മറുവശം ചിന്തിച്ചിട്ടുണ്ടോ?

അമിതമായ രീതിയിലുള്ള ഇത്തരം മീന്‍ പിടിത്തം മത്സ്യത്തിന്റെ അതിജീവനത്തെ ബാധിക്കും, വളര്‍ച്ച എത്താതെ മീന്‍ പിടിക്കുമ്പോള്‍ അത് അവയുടെ വളര്‍ച്ച ഇല്ലാതാക്കുന്നത് മൂലം മീനിന്റെ പ്രത്യുല്‍പാതന നിരക്ക് കുറയാനും കാരണമാകുമെന്നാണ് മത്സ്യഗവേഷണ സ്ഥാപനങ്ങള്‍ പറയുന്നത്.

ചെറുമീനുകളെ കൂട്ടത്തോടെ പിടിക്കുന്നത് നിയന്ത്രിക്കാനായി മത്സ്യങ്ങളുടെ വലുപ്പം മുന്‍കൂട്ടി നിര്‍ണയിക്കുന്ന ആധുനിക ഉപകരണം യാനങ്ങളില്‍ ഘടിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പ് നടപടിക്കണം. കുറഞ്ഞ വലക്കണ്ണി വലുപ്പം 10 സെന്റീമീറ്ററില്‍നിന്ന് 14 സെന്റീമീറ്ററായി ഉയര്‍ത്തണമെന്നും അഭിപ്രായമുണ്ട്.