കോഴിക്കോട് ഷോറൂമില്‍ നിന്ന് മോഷണം പോയ കാര്‍ പേരാമ്പ്രയില്‍; ചേനോളി സ്വദേശികളായ രണ്ടുപേര്‍ കസ്റ്റഡിയില്‍


പേരാമ്പ്ര: ഫോര്‍ഡിന്റെ കോഴിക്കോട് ഷോറൂമില്‍ നിന്നും മോഷണം പോയ കാര്‍ പേരാമ്പ്രയില്‍ കണ്ടെത്തി. മുളിയങ്ങലില്‍ ഒരു സ്റ്റിക്കര്‍ ഷോപ്പില്‍ നിന്നാണ് പൊലീസ് വാഹനം കണ്ടെടുത്തത്.

കോഴിക്കോട് നടക്കാവിലുള്ള ഫോര്‍ഡിന്റെ ഷോറൂമില്‍ നിന്ന് കഴിഞ്ഞദിവസമാണ് ആഢംബരകാര്‍ മോഷണം പോയത്. കെ.എല്‍ 13 എ.ടി 1223 നമ്പര്‍ കാറാണ് മോഷ്ടിക്കപ്പെട്ടത്. ഇത് പേരാമ്പ്ര ഭാഗത്തേക്കാണ് വന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നതിടയില്‍ വാഹനം ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

പൊലീസ് എത്തിയ സമയത്താണ് കാര്‍ മോഷ്ടിക്കപ്പെട്ടതാണെന്ന് കടയുടമ അറിയുന്നത്. പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.സുജിലേഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.

സംഭവത്തില്‍ നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ നടക്കാവ് പൊലീസിന് കൈമാറും.