അസ്വാഭാവികമായ ശബ്ദം കേട്ടു, നോക്കിയപ്പോള്‍ കണ്ടത് തീ; പയ്യോളിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി


പയ്യോളി: പയ്യോളി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം പെരുമാള്‍ പുരത്ത് ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി. ഇന്ന് സന്ധ്യയോടെയായിരുന്നു സംഭവം.

കോഴിക്കോടു നിന്നും വരികയായിരുന്ന കാര്‍ പെരുമാള്‍ പുരത്തെത്തിയപ്പോള്‍ അസ്വാഭാവികമായ ശബ്ദം കേട്ടെന്നും തുടര്‍ന്ന് കാര്‍ റോഡരികില്‍ നിര്‍ത്തി നോക്കുമ്പോള്‍ തീയാളുന്നതാണ് കണ്ടതെന്നുമാണ് കാറിലുണ്ടായിരുന്ന യാത്രക്കാര്‍ പറയുന്നത്. കാര്‍ നിര്‍ത്തി വാഹനത്തിലുള്ളവര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി.

കാറിന്റെ എഞ്ചിന്‍ ഉള്‍പ്പെടെ മുന്‍ഭാഗം ഭാഗികമായി കത്തിനശിച്ചു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ കാര്‍ പൂര്‍ണമായും കത്തിനശിക്കുന്നത് ഒഴിവാക്കി.
കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. പയ്യോളി പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഇരിങ്ങല്‍ കോട്ടക്കല്‍ സ്വദേശികളുടെ കാറാണ് കത്തിയത്.