ആശങ്കകളുടെ നിമിഷങ്ങൾക്കൊടുവിൽ വിജയക്കിലുക്കവുമായി ​ഗോൾ വലഭേദിച്ച് അകത്തേക്ക്, ബ്രസീൽ, ബ്രസീൽ, ബ്രസീൽ…. ആർപ്പുവിളിച്ച് ആരാധകർ; ബ്രസീലിന്റെ പ്രീക്വാർട്ടർ പ്രവേശനം ആഘോഷമാക്കി മന്ദമം​ഗലത്തുകാർ


കൊയിലാണ്ടി: ആദ്യാവസാനം വരെ ഉദ്യോ​​ഗഭരിതം, വിജയിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കുമോ എന്നറിയാതെ കടന്നുപോയ നിമിഷങ്ങൾ. ഒടുവിൽ 83–ാം മിനിറ്റിൽ സ്വിറ്റ്സര്‍ലൻഡിന്റെ പ്രതിരോധക്കോട്ട തകർത്ത് ബ്രസീലിന്റെ ​ഗോൾ വലയ്ക്കുള്ളിൽ. അടക്കിപ്പിടിച്ച ആശങ്കൾക്ക് വിരാമമിട്ട് അവർ ഉറക്കെ വിളിച്ചു… ബ്രസീൽ, ബ്രസീൽ, ബ്രസീൽ…. മന്ദമം​ഗലത്തെ ബി​ഗ് സ്ക്രീനിൽ കളി കാണാനെത്തിയ ആരാധകരെല്ലാം ഒന്നടംങ്കം ഏറ്റുചൊല്ലി.

കൊല്ലം മന്ദമംഗലത്തെ ചെന്താര വായനശാല ഒരുക്കിയ ബിഗ് സ്ക്രീനിൽ നൂറുകണക്കിന് പേരാണ് കളി കാണാനായി എത്തിയത്. ഭൂരിഭാഗവും ബ്രസീൽ ആരാധകർ തന്നെ. ടീമിന്റെ ജേഴ്സി അണിഞ്ഞ് ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു ബിഗ് സ്ക്രീനിന് മുന്നിൽ ആരാധകർ. നെയ്മറില്ലെങ്കിലും ടീം വിജയിക്കുമെന്ന ഉറച്ച വിശ്വാസമായിരുന്നു ആരാധകരിൽ.

എന്നാൽ ആദ്യ പകുതി നിരാശയുടേതായിരുന്നു. ​ഗോൾ രഹിതമാവുമോ, പരാജയത്തിന്റെ കയ്പ് നുകരേണ്ടി വരുമോ വിജയമാവർത്തിക്കുമോ എന്നറിയാതെ സമയം കടന്നു പോയി. എല്ലാവരുടെ മുഖത്തും ആശങ്ക പ്രതിഫലിച്ചു. 83–ാം മിനിറ്റിൽ കാസെമിറോയുടെ തകർപ്പൻ ഗോളിൽ ലോകകപ്പിലെ രണ്ടാം ജയം സ്വന്തമാക്കി ബ്രസീൽ പ്രീക്വാർട്ടർ ഉറപ്പിച്ചു. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് കാസെമിറോ ബ്രസീലിന്റെ രക്ഷകനായി അവതരിച്ചത്. ഇതോടെ കാണികൾ ആവേശത്തിലായി. കയ്യടിച്ചും കൊടികൾ പറത്തിയും അവർ വിജയത്തെ വരവേറ്റു.

ലോകകപ്പ് അവസാനിക്കുന്നത് വരെ എല്ലാ മത്സരങ്ങളും ബിഗ് സ്ക്രീനിൽ കാണാനുള്ള സൗകര്യം മന്ദമംഗലത്തെ ചെന്താര വായനശാല ഒരുക്കിയിട്ടുണ്ട്. തദ്ദേശവാസികളായ ഫുട്ബോൾ ആരാധകരാണ് ഇവിടെ കൂടുതലായി എത്തുന്നത്. ദേശീയപാതയോരമായതിനാൽ വാഹനങ്ങൾ നിർത്തി കളി കാണുന്നവരെയും ഇവിടെ കാണാം. ഖത്തർ ലോകകപ്പിന്റെ ഭാഗമായി ബിഗ് സ്ക്രീൻ സംപ്രേക്ഷണത്തിന് പുറമെ സോക്കർ ഫെസ്റ്റും സംഘടിപ്പിക്കുന്നുണ്ട്.

ദൃശ്യങ്ങൾ പകർത്തിയത്: റംഷാദ് സിൽക്ക് ബസാർ