പ്രശസ്ത തെയ്യം-തിറ കലാകാരന്‍ മുരളീധരന്‍ ചേമഞ്ചേരിയുടെ മൃതദേഹം അല്‍പ്പസമയത്തിനകം നാട്ടിലെത്തും; പൂക്കാട് എഫ്.എഫ് ഹാളിൽ പൊതുദര്‍ശനം


ചേമഞ്ചേരി: പ്രശസ്ത തെയ്യം-തിറയാട്ട കലാകാരന്‍ മുരളീധരന്‍ ചേമഞ്ചേരിയുടെ മൃതദേഹം അല്‍പ്പസമയത്തിനകം നാട്ടിലെത്തും. ശബരിമല തീര്‍ത്ഥാടനത്തിനായി മല കയറുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് അദ്ദേഹം അന്തരിച്ചത്.

നേരത്തേ എത്തുമെന്ന് പ്രതീക്ഷിച്ച സമയത്തെക്കാള്‍ വൈകിയാണ് മൃതദേഹം നാട്ടിലെത്തുന്നത്. പൂക്കാട് എത്തിക്കുന്ന മൃതദേഹം പൂക്കാട് എഫ്.എഫ് ഹാളില്‍ അല്‍പ്പ സമയം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോകും. നാളെയാണ് സംസ്‌കാരം.

പൂക്കാട് മൗനഗുരു സമാധി മഠത്തില്‍ നിന്ന് കെട്ട് നിറച്ചാണ് മുരളീധരന്‍ ഉള്‍പ്പെടെയുള്ള 13 അംഗ സംഘം തിങ്കളാഴ്ച ശബരിമലയ്ക്ക് പുറപ്പെട്ടത്. മലകയറ്റത്തിനിടെ അപ്പാച്ചിമേടില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ പമ്പയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

നിരവധി ക്ഷേത്രങ്ങളിലും കാവുകളിലും തെയ്യവും തിറയാട്ടവും അവതരിപ്പിച്ച് പ്രശസ്തനായ കലാകാരനാണ് മുരളീധരന്‍ ചേമഞ്ചേരി. കൂടാതെ തബല, ഗഞ്ചിറ, ചെണ്ട, മദ്ദളം തുടങ്ങി വിവിധ വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും അദ്ദേഹം വിദഗ്ധനായിരുന്നു.

ഭാര്യ വിജിത. വേദലക്ഷ്മിയും നാല് മാസം പ്രായമായ പേരിടാത്ത കുഞ്ഞുമാണ് മക്കള്‍. ഉണ്ണികൃഷ്ണന്‍, റീന (ചെന്നൈ), റീജ എന്നിവര്‍ സഹോദരങ്ങളാണ്.