പരിധിയിൽ കവിഞ്ഞുള്ള ആളുകളെ കയറ്റിയുള്ള അനധികൃത ബോട്ട് സർവീസ്, യുവാവിന്റെ മരണം; അകലാപ്പുഴയിലെ ബോട്ട് സർവീസ് താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനം


അകലാപ്പുഴ: അകലാപ്പുഴയില്‍ നടത്തിവരുന്ന അനധികൃത ബോട്ട് സർവീസിനെതിരെ നടപടിയെടുക്കാൻ ഒരുങ്ങി അധികൃതർ. ഞായറാഴ്ച മുചുകുന്ന് സ്വദേശി  അഫ്നാസ് അകലാപ്പുഴയില്‍ ഫൈബർ വള്ളം മുങ്ങിമരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര യോഗം ചേർന്നത്. നടപടികൾ സ്വീകരിക്കുന്നതിന് കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി മണിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേർന്നു. ബോട്ട് സർവീസുകൾ താത്കാലികമായി നിർത്തി വെയ്ക്കാൻ തീരുമാനിച്ചതായി തഹസീൽസാർ സി.പി മണി കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

അനധികൃത സർവീസ് നടത്തുന്നു, കൃത്യമായ സുരക്ഷാ മാർഗ്ഗങ്ങളില്ല തുടങ്ങി നിരവധി പരാതികളാണ് ഇവർക്കെതിരെ ഉയർന്നത്. ‘സ്വകാര്യ വ്യക്തികൾ മേൽനോട്ടം വഹിക്കുന്ന ബോട്ട് സർവ്വീസ് സർക്കാരിന്റെ യാതൊരുവിധ അനുമതിയും കൂടാതെയാണ് നടത്തുന്നത്. അപകടം നിറഞ്ഞ ചളിയും പുല്ലുകളും നിറഞ്ഞ സ്ഥലങ്ങളിലൂടെ മുങ്ങല്‍ വിദഗ്ദരുടെ സേവനം ഉറപ്പ് വരുത്താതെയും, യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കാതെയുമാണ് പരിധിയിൽ കവിഞ്ഞുള്ള ആളുകളെ കയറ്റിക്കൊണ്ട് ഇവിടെ സർവീസ് നടത്തുന്നത്’ തുടങ്ങിയ പരാതികൾ നാട്ടുകാരുടെ ഭാഗത്തും നിന്നും പലപ്പോഴായി ഉയർന്നിരുന്നു.

കുട്ടികള്‍ ഉള്‍പ്പടെയുള്ള നിരവധി പേരാണ് ദിവസേന ഇവിടെ എത്തിച്ചേരുന്നത്. എന്നാൽ പത്തും ഇരുപതും യാത്രക്കാരെ കയറ്റുവാന്‍ മാത്രം സാധ്യമായ ബോട്ടുകളില്‍ അറുപതോളം പേരെവഹിച്ചു കൊണ്ടാണ് യാത്ര നടത്തുന്നത്. ഇത്തരം സർവീസിനെതിരെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി.

ജില്ലാ ദുരന്ത നിവാരണ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറെ വിവരമറിയിക്കുമെന്നും, നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ പോലീസ് നടപടികള്‍ ഉണ്ടാവുമെന്നും യോഗത്തില്‍ അറിയിച്ചു. അനുമതി ലഭിച്ചതിന് ശേഷം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന സര്‍വ്വീസുകളുടെ കാര്യത്തില്‍ പുന:പരിശോധിക്കാനും ധാരണയായി.

യോഗത്തില്‍ തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍, തുറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ , കൊയിലാണ്ടി പോലീസ് ഇന്‍സ്പെക്ടര്‍ എന്‍ സുനില്‍കുമാര്‍, പയ്യോളി സബ്ബ് ഇന്‍സ്പെക്ടര്‍ തങ്കരാജ് എം, ഫയര്‍ ആന്റ് റസ്ക്യു സ്റ്റേഷന്‍ ഓഫീസര്‍ സി പി ആനന്ദ്, മേജര്‍ ഇറിഗേഷന്‍ അസിസറ്റന്റ് എഞ്ചിനീയര്‍ സരിന്‍ പി, മൂടാടി വില്ലേജ് ഓഫീസര്‍ സുഭാഷ് ബാബു എം.പി, തിക്കോടി വില്ലേജ് ഓഫീസര്‍ ദിനേശന്‍ എം, തുറയൂര്‍ വില്ലേജ് ഓഫീസര്‍ റാബിയ വെങ്ങാടിക്കല്‍ എന്നിവര്‍ പങ്കെടുത്തു.

അപകടത്തില്‍ പെട്ടത് പ്രദേശവാസികള്‍, കാണാതായത് മുചുകുന്ന് സ്വദേശിയെ; അകലാപ്പുഴയില്‍ തിരച്ചില്‍ തുടരുന്നു (വീഡിയോ കാണാം)