കൊയിലാണ്ടിയിൽ വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കരിങ്കൊടി; രണ്ട് എം.എസ്.എഫ് പ്രവർത്തകർ അറസ്റ്റിൽ


കൊയിലാണ്ടി: കൊയിലാണ്ടിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി കാണിച്ച് എം.എസ്.എഫ് പ്രവർത്തകർ. കൊയിലാണ്ടി നിയോജക മണ്ഡലം എം..എസ്.എഫിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് കരിങ്കൊടി കാണിച്ചത്. സംഭവത്തിൽ രണ്ട് എം.എസ്.എഫ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തിലാണ് വിദ്യാഭ്യാസ മന്ത്രിക്ക് നേരെ പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. പ്ലസ് വൺ പ്രവേശനത്തിനായി രണ്ട് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചെങ്കിലും മുഴുവൻ വിഷയങ്ങളിലും എപ്ലസ് കിട്ടിയ വിദ്യാർത്ഥികൾ അടക്കം പ്രവേശനം നോടാൻ സാധിക്കാതെ പുറത്താണെന്ന് എം.എസ്.എഫ് ആരോപിച്ചു.

ആറ് പ്രവർത്തകരാണ് മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്. കോഴിക്കോട് ജില്ലാ എം.എസ്.എഫിന്റെ ക്യാമ്പസ് വി​ങ് കൺവീനർ അഡ്വ. മുഹമ്മദ് അഫ്രിൻ ന്യൂമാൻ, എം.എസ്.എഫ് കൊയിലാണ്ടി മണ്ഡലം സെക്രട്ടറി ഫസീവ് എന്നീ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. ഷിഫാദ് ഇല്ലത്ത്, ഷിബിൽ പുറക്കാട്, സുഹെെൽ ചെങ്ങോട്ടുകാവ്, ആദിൽ കൊയിലാണ്ടി എന്നിവരും പങ്കെടുത്തിരുന്നു. പ്രവർത്തകരെ വെെദ്യപരിശോധനയ്ക്ക് ശേഷം നോട്ടീസ് നൽകി വിട്ടയച്ചുവെന്ന് പോലീസ് പറഞ്ഞു.