തിക്കോടി ബി.ജെ.പിയിൽ പോര്മുറുകുന്നു; ബി.എം.എസ് നേതാവ് സി.ടി.മനോജിന്റെ ബലിദാന ദിനത്തിൽ സമാന്തര അനുസ്മരണ പരിപാടി സംഘടിപ്പിച്ച് വിമത പക്ഷം, പങ്കെടുത്തത് ഇരുന്നൂറിലേറെ പേർ
തിക്കോടി: തിക്കോടിയിൽ ബി.ജെ.പിയിൽ പോര് മുറുകുന്നു. ഔദ്യോഗിക പക്ഷത്തിനെതിരെ പരസ്യമായി പരിപാടികൾ സംഘടിപ്പിച്ച് വിമതപക്ഷം. വധിക്കപ്പെട്ട ബി.എം.എസ് നേതാവ് സി.ടി മനോജിന്റെ ബലിദാന ദിനത്തിലാണ് തിക്കോടി പഞ്ചായത്ത് കമ്മിറ്റി എന്ന പേരിൽ വിമത പക്ഷം റാലി സംഘടിപ്പിച്ചത്. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടിക്ക് പുറമേയാണ് പതിവിൽ നിന്ന് വിപരീതമായി പരിപാടി സംഘടിപ്പിച്ചത്. ഇതോടെ സംഘടനയ്ക്കുള്ളിലെ പോര് മറനീക്കി പുറത്തുവന്നു.
അച്ചടക്കലംഘനവും സംഘടനാവിരുദ്ധ പ്രവര്ത്തനവും ചൂണ്ടിക്കാട്ടി ജില്ലാ നേതൃത്വം ബി.ജെ.പി തിക്കോടി പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. പയ്യോളി മണ്ഡലം വൈസ് പ്രസിഡണ്ടായിരുന്ന പി വിശ്വനാഥൻ, തികോടി പഞ്ചായത്ത് പ്രസിഡന്റ് ശിവപ്രകാശ് നടുക്കണ്ടി എന്നിവരുടെ നേതൃത്വത്തിൽ പിരിച്ചുവിട്ട പഞ്ചായത്ത് കമ്മിറ്റി വിളിച്ച് ചേർത്തിരുന്നു. തുടർന്ന് ഇരുവരെയും പാർട്ടിയിൽ നിന്നും സസ്പെൻഡും ചെയ്തു. ഇവരുടെ നേതൃത്വത്തിലാണ് വിമത പക്ഷം റാലിയും ബ്ലോക്ക് കേന്ദ്രങ്ങളിൽ പുഷ്പാർച്ചനയും നടത്തിയത്. സാധാരണ മണ്ഡലം അടിസ്ഥാനത്തിലാണ് ബലിധാന ദിനം നടത്തിയിരുന്നത്. വിമത പക്ഷത്തിന്റെ നേതൃത്വത്തിൽ 200-ഓളം ആളുകളെ പങ്കെടുപ്പിച്ചാണ് ഇന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ പേരിൽ പരിപാടി നടത്തിയത്.
പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടതായി വാട്സാപ്പിൽ സന്ദേശം അയച്ചിരുന്നു, ഔദ്യോഗികമായി തങ്ങൾക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിമത പക്ഷത്തിന്റെ വാദം. ഔദ്യോഗിക പക്ഷം ചില വ്യക്തികളുടെ താത്പര്യത്തിന്റെ ഭാഗമായിട്ടാണ് നടപടി സ്വീകരിച്ചത്, ഇത് സംഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും വിമത പക്ഷം പറഞ്ഞു.
രാവിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ പുഷ്പാർച്ചന നടത്തി. . വൈകിട്ട് കോഴിപ്പുറത്തുനിന്ന് തിക്കോടി പഞ്ചായത്ത് ബസാറിലേക്കാണ് ജനകീയ റാലി സംഘടിപ്പിച്ചത്. മാർക്സിസ്റ്റ് കൊലപാതക രാഷ്ട്രീയത്തിന് എതിരെ മുദ്രാവാക്യമുയർത്തിയുള്ള റാലിയിൽ ഇരുന്നുറോളം ആളുകൾ പങ്കെടുത്തു. സ്ത്രീകളും യുവാക്കളും ഉൾപ്പെടെയുള്ളവർ റാലിയിൽ പങ്കെടുത്തു. വിമത പക്ഷം സംഘടിപ്പിച്ച റാലിയിലെ വലിയ പങ്കാളിത്തം ഔദ്യോഗിക നേതൃത്വത്തി ഞെട്ടിച്ചിരിക്കുകയാണ്.
അതേ സമയം ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളിയിൽ പ്രകടനം സംഘടിപ്പിച്ചു. പ്രകടനത്തിനുശേഷം നടന്ന പൊതുസമ്മേളനം സംസ്ഥാന വക്താവ് സന്ന്തീപ് വാചസപ്തി ശക്തി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ സജീവൻ മുഖ്യപ്രഭാഷണം നടത്തി.
ഔദ്യോഗിക പക്ഷവും വിമത പക്ഷവും ഇരു ചേരികളിലായി ഒരേ പരിപാടി സംഘടിപ്പിക്കുന്നത് നേതൃത്വത്തിനെതിരായി ഉയരുന്ന വികാരമാണ് പ്രകടമാക്കുന്നത്. പ്രവർത്തകരുടെ സസ്പെൻഷന് പിന്നാലെ പാർട്ടിയിൽ നിന്ന് പ്രവർത്തകർ രാജിവെച്ചതും, പിരിച്ചുവിട്ട കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിൽ കൂടുതൽ ആളുകൾ പങ്കെടുത്തതും ഔദ്യോഗിക പക്ഷത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ബലിധാന ദിനം ആചരിക്കരുതെന്ന ആർ.എസ്.എസ് നിർദേശം നൽകിയിരുന്നെങ്കിലും അംഗീകരിക്കാൻ വിമത പക്ഷം തയ്യാറായിരുന്നില്ല.