അന്ധവിശ്വാസ വിരുദ്ധ സമ്മേളനം നാളെ കൊയിലാണ്ടി ടൗണ്‍ഹാളില്‍


കൊയിലാണ്ടി: ഭാരതീയ യുക്തിവാദി സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്ധവിശ്വാസ വിരുദ്ധ സമ്മേളനം നാളെ നടക്കും. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ കൊയിലാണ്ടി ടൗണ്‍ഹാളില്‍ വച്ചാണ് സമ്മേളനം നടക്കുക. പ്രമുഖ വ്യക്തികള്‍ വിവിധ വിഷയങ്ങളില്‍ സമ്മേളനത്തില്‍ സംസാരിക്കും.

സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 9633173444 എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യാം. രാവിലെ ഒമ്പതുമണി മുതല്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനവുമുണ്ടാകും.

ഭാരതീയ യുക്തിവാദി സംഘം ജനറല്‍ സെക്രട്ടറി ശ്രീനി പട്ടത്താനും പരിപാടി ഉദ്ഘാടനം ചെയ്യും. പ്രഭാഷണങ്ങള്‍ക്കുശേഷം യുക്തിവാദി കലാകാരന്‍ ഡോ. തൊടുപുഴ പത്മനാഭിനെ പൊന്നാട അണിയിച്ച് ആദരിക്കും.

നസീമ ടീച്ചര്‍, സുലൈമാന്‍ പെരിങ്ങത്തൂര്‍, അഡ്വ. ബിന്ദു അമ്മിണി, ഷാറോണ്‍ സാപ്യന്‍, ജോര്‍ജ് പുല്ലാട്ട്, അഡ്വ.കെ.കെ രാധാകൃഷ്ണന്‍, ലിന്‍ഷി വി.ടി, ഡോ.ശശികുമാര്‍ പുറമേരി, ജാഫര്‍ ചളിക്കോട്ട് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അടിസ്ഥാനമാക്കി സംസാരിക്കും.

വൈകുന്നേരം അഞ്ചു മണിയ്ക്കുശേഷം 99 മൂവ്‌സ് കാലിക്കറ്റ് അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാന്‍സും അതിനുശേഷം രാജീവ് മേമുണ്ട അവതരിപ്പിക്കുന്ന മാജിക് ഷോയുമുണ്ടായിരിക്കും. 5.50 ന് നടക്കുന്ന കവിയരങ്ങോടെ പരിപാടി അവസാനിക്കും.