എന്‍ജിന്‍ നിലച്ചതിനെ തുടർന്ന് കടലില്‍ കുടുങ്ങി; പുതിയാപ്പയിൽ നിന്ന് മത്സ്യബന്ധനത്തിനായി പോയ 10 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
കോഴിക്കോട്: എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ 10 മത്സ്യത്തൊഴിലാളികളെയും അവർ സഞ്ചരിച്ച ബോട്ടും ബേപ്പൂര്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് രക്ഷപ്പെടുത്തി. ഷിബു, രജീഷ്, വ്യാസൻ, ബാബു, ശ്രീലേഷ്, വിശ്വനാഥൻ, രഞ്ജിത്ത്, രാജേഷ്, കുട്ടൻ, ചന്തൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. വെസ്റ്റ്ഹിൽ സ്വദേശി അശോകന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
പുതിയാപ്പ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ‘വരുണപ്രിയ’ എന്ന ബോട്ടിന്റെ എന്‍ജിന്‍ തകരാറായി 14 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ കുടുങ്ങിയ വിവരം ഞായറാഴ്ച വൈകീട്ടാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിങ്ങ്, എലത്തൂര്‍ കോസ്റ്റല്‍ പോലീസ് എന്നിവര്‍ ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെയോടെ ബോട്ടും അതിൽ ഉണ്ടായിരുന്ന 10 മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി പുതിയാപ്പ ഹാര്‍ബറില്‍ എത്തിച്ചു.
മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് ഫിഷറീസ് ഗാര്‍ഡ് ബിബിന്‍, കോസ്റ്റല്‍ പോലീസ് ബുവനദാസ്, കോസ്റ്റല്‍ വാര്‍ഡന്‍ ലിപീഷ്, റെസ്ക്യു ഗാര്‍ഡ് ഹമിലേഷ്, മിഥുന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
കടലില്‍ പോകുന്ന എല്ലാ യാനങ്ങളും ജീവന്‍രക്ഷാ ഉപകരണങ്ങള്‍ കരുതുകയും യാനത്തിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുനീര്‍ വി അറിയിച്ചു.