അകലാപ്പുഴയിലെ ഉല്ലാസ ബോട്ട് സര്‍വീസ് നിയന്ത്രണം; രണ്ടാഴ്ചയിലേറെയായി വരുമാനം നിലച്ച് ബോട്ടുടമകളും തൊഴിലാളികളും


കൊയിലാണ്ടി : ബോട്ടുടമകളുടെയും അനുബന്ധ തൊഴിലാളികളുടെയും സ്ഥിതി പരുങ്ങലിലാക്കി അകലാപ്പുഴയിലെ ബോട്ട് സര്‍വീസ് നിയന്ത്രണം തുടരുന്നു.

അടുത്തിടെ അകലാപ്പുഴയില്‍ ഒരു യുവാവ് തോണിയപകടത്തില്‍ മരണപ്പെട്ടതിന് പിന്നാലെയാണ് ഉല്ലാസബോട്ട് സര്‍വീസിന് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയത്.

തഹസില്‍ദാര്‍ വിളിച്ചു ചേര്‍ത്ത പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിലായിരുന്നു നടപടി. രണ്ടാഴ്ചയ്ക്ക് ശേഷവും നിയന്ത്രണം പിന്‍വലിച്ചിട്ടില്ല.

പ്രവാസികളും തദ്ദേശീയരമായ ആളുകളും ഷെയര്‍ എടുത്തും അല്ലാതെയും ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഉല്ലാസ യാത്രാ ബോട്ടുകളില്‍ നിന്ന് വരുമാനം കിട്ടിത്തുടങ്ങിയ ഘട്ടത്തിലാണ് നിയന്ത്രണം വന്നത്.

60 പേര്‍ക്ക് വരെ യാത്രചെയ്യാവുന്ന കൊച്ചി കുസാറ്റ് അധികൃതര്‍ അംഗീകരിച്ച പ്ലാനില്‍ നിര്‍മ്മിച്ച10 ശിക്കാര ബോട്ടുകളാണ് അകലാപ്പുഴയില്‍ സര്‍വ്വീസ് നടത്തുന്നത്.

ബോട്ടിന് ആലപ്പുഴ പോര്‍ട്ട് ഓഫീസറുടെ ലൈസന്‍സ് ലഭിക്കാന്‍ നിരവധി മാനദണ്ഡങ്ങള്‍ പാലിക്കണം. ബോട്ട് നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ആലപ്പുഴയില്‍ നിന്നെത്തുന്ന സര്‍വ്വെയറും ഒടുവില്‍ ചീഫ് സര്‍വ്വെയറും പരിശോധന നടത്തി കാര്യക്ഷമതയും സുരക്ഷിതത്വവും ഉറപ്പാക്കിയാണ് പോര്‍ട്ട് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കുക.
യാത്രക്കാരുടെ എണ്ണത്തിനനുസൃതമായി ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ, ബില്‍ജ് അലറാം,ബില്‍ജ് പമ്പ്, സേഫ്റ്റി ഗാര്‍ഡ് എന്നിവയെല്ലാം ബോട്ടില്‍ ഉണ്ടാവണം.

ആലപ്പുഴ പോര്‍ട്ട് ഓഫീസറില്‍ നിന്ന് അനുമതി കിട്ടിയാല്‍ ബോട്ടുകള്‍ക്ക് നമ്പര്‍ നല്‍കേണ്ടത് കോഴിക്കോട് പോര്‍ട്ട് ഓഫീസറാണ്. നിലവില്‍ രണ്ട് ബോട്ടുകള്‍ക്ക് മാത്രമേ കോഴിക്കോട് പോര്‍ട്ട് ഓഫീസറുടെ നമ്പര്‍ കിട്ടിയിട്ടുള്ളൂ എന്നും ബാക്കി ബോട്ടുകള്‍ക്ക് കൂടി നമ്പര്‍ ലഭ്യമാക്കുന്ന നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നുമുള്ള വിവരങ്ങളാണ് ലഭിക്കുന്നത്.

വെള്ളിയാഴ്ച താലൂക്ക് ഓഫീസില്‍ ബോട്ടുടമകള്‍ ഹാജരാക്കിയ രേഖകള്‍ പരിശോധിച്ചെങ്കിലും അവയില്‍ പലതരം ന്യൂനതകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും രേഖകള്‍ കലക്ടര്‍ പരിശോധിച്ച ശേഷമായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുകയെന്നും തഹസീല്‍ദാര്‍ സി.പി. മണി കൊയിലാണ്ട ന്യൂസ് ഡോട്ട്കോമിനോട് വ്യക്തമാക്കി.

ബോട്ടില്‍ താങ്ങാവുന്നതിലേറെയാളുകളെ കയറ്റുക, സമയനിഷ്ഠ പാലിക്കാതെ ഇരുട്ടിയിട്ടും സര്‍വീസ് നടത്തുക, ലൈസന്‍സില്ലാത്ത ഡ്രൈവര്‍മാര്‍ ബോട്ടോടിക്കുക തുടങ്ങി അനേകം നിയമലംഘനങ്ങള്‍ ബോട്ട് സര്‍വീസില്‍ നടക്കുന്നുണ്ട്, അത്തരം പ്രശ്നങ്ങള്‍ പരിഹരിച്ച് ബോട്ട് സര്‍വീസ് വീണ്ടും തുടങ്ങണമെന്നാണ് മൂടാടി പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ ശ്രീകുമാര്‍ കൊയിലാണ്ടി ന്യൂസിനോട് പറഞ്ഞു.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് അവ തെളിയിക്കുന്ന അനുമതി പത്രങ്ങള്‍ ഹാജറാക്കിയാല്‍ ബോട്ട് സര്‍വീസ് പുനരാരംഭിക്കാന്‍ അനുമതി നല്‍കുമെന്നാണ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം.

കഴിഞ്ഞ സെപ്റ്റംബര്‍ 25 നാണ് അകലാപ്പുഴയില്‍ തോണിയപകടത്തില്‍ യുവാവ് മരണപ്പെട്ടത്. തുടര്‍ന്ന് അകലാപ്പുഴയിലെ ഉല്ലാസബോട്ട് സര്‍വ്വീസിന്‍റെ സുരക്ഷാ കുറവ് ചോദ്യം ചെയ്ത് ലഭിച്ച പരാതിയെമുന്‍നിര്‍ത്തിയാണ് താല്‍ക്കാലിക നിരോധനം നടപ്പിലാക്കിയത്.

Summary: Ban of boat service in Akalapuzha; Boat owners and laborers have been without income for more than two weeks