കോട്ടയില്‍ ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തിയ കുടുംബത്തിന് നേരെ ആക്രമണം; മുചുകുന്ന് സ്വദേശിയായ യുവാവ് അകാരണമായി തള്ളിയിടുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി


കൊയിലാണ്ടി: മുചുകുന്ന് കോട്ടയില്‍ ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തിയ കുടുംബത്തിന് നേരെ ആക്രമണം. മുചുകുന്ന് സ്വദേശിയായ യുവാവ് യാതൊരു പ്രകോപനവുമില്ലാതെ അടുത്തെത്തി ആക്രമിച്ചെന്നാണ് പരാതി.

പുറക്കാട് കോടൂര്‍ താഴെ സജിത്തിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ഭാര്യയും അമ്മയും രണ്ട് മക്കളും അടക്കമുള്ള കുടുംബം ഉത്സവം കാണാനെത്തിയതായിരുന്നു.

ഇന്ന് വൈകുന്നേരം ആറുമണിയോടെ കോട്ടയില്‍ ക്ഷേത്രത്തിലെ കവാടത്തിന് അടുത്തുവെച്ചായിരുന്നു സംഭവമെന്ന് സജിത്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. പരിപാടികണ്ടുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി അടുത്തെത്തിയ യുവാവ് തന്നെ തള്ളിതാഴെയിടുകയും ചവിട്ടുകയും ചെയ്യുകയായിരുന്നു. ഇത് കണ്ട് പിടിച്ചുമാറ്റാനെത്തിയ ഭാര്യയെയും ഉപദ്രവിച്ചെന്നും സജിത്ത് പറഞ്ഞു.

മുചുകുന്ന് സ്വദേശിയായ അരുണ്‍ എന്ന യുവാവാണ് ആക്രമിച്ചതെന്ന് സജിത്ത് പറയുന്നു. ഇയാളുമായി യാതൊരു മുന്‍പരിചയവുമില്ല. ആക്രമണത്തിനു ദൃക്‌സാക്ഷിയായിരുന്ന നാട്ടുകാരാണ് പേരുവിവരങ്ങള്‍ നല്‍കിയതെന്നും സജിത്ത് വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ സജിത്തും കുടുംബവും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സജിത്തിന്റെ മൂക്കിനാണ് പരിക്കേറ്റത്. തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.