ശക്തമായ കാറ്റില്‍ കോരപ്പുഴയില്‍ എച്ച്.ഡി ലൈനില്‍ മരംമുറിഞ്ഞുവീണു, വെങ്ങളംമുതല്‍ കൊയിലാണ്ടി വരെ പലയിടത്തും ലൈന്‍ തകരാറില്‍; സൗത്ത് സെക്ഷനില്‍ വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ സമയമെടുക്കുമെന്ന് കെ.എസ്.ഇ.ബി


കൊയിലാണ്ടി: ഇന്നലെ രാത്രിയുണ്ടായ വേനല്‍ മഴയില്‍ മരം മുറിഞ്ഞ് വീണ് കൊയിലാണ്ടിയില്‍ പലയിടത്തും വൈദ്യുതി വിതരണം തടസപ്പെട്ടു. സൗത്ത് സെക്ഷന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലാണ് വലിയ തോതില്‍ നാശനഷ്ടമുണ്ടായത്. കോരപ്പുഴ ഭാഗത്ത് മരം മുറിഞ്ഞുവീണ് എച്ച്.ഡി ലൈന്‍ തകര്‍ന്നു. വെങ്ങളത്തും മെയിന്‍ ലൈനില്‍ മരം മുറിഞ്ഞുവീണു.

ചെങ്ങോട്ടുകാവ്, പൊയില്‍ക്കാവ്, ഹാജിമുക്ക് ഭാഗങ്ങളിലും പലയിടത്തും മരങ്ങള്‍ വീണ് വൈദ്യുതി ബന്ധം തടസപ്പെട്ട നിലയിലാണ്. നിലവില്‍ കോരപ്പുഴ മുതല്‍ വെങ്ങളം വരെയുള്ള ഭാഗത്ത് ലൈനിലെ തകരാര്‍ പരിഹരിച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടുണ്ട്. വെങ്ങളം മുതലുള്ള ഭാഗത്ത് പണി നടക്കുകയാണ്. നാളെയോടെയേ പല മേഖലകളിലും വൈദ്യുതി വിതരണം പൂര്‍ണമായി പുനസ്ഥാപിക്കാനാവൂവെന്നാണ് കെ.എസ്.ഇ.ബി സൗത്ത് സെക്ഷന്‍ അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.

നോര്‍ത്ത് സെക്ഷന്‍ പരിധിയിലും കാറ്റ് വൈദ്യുതി വിതരണത്തെ ബാധിച്ചിട്ടുണ്ട്. പലയിടങ്ങളിലും മരങ്ങള്‍ മുറിഞ്ഞുവീണും പോസ്റ്റുകള്‍ തകര്‍ന്നും ലൈനുകള്‍ പൊട്ടിയും വൈദ്യുതി വിതരണം തടസപ്പെട്ടു.

കായലങ്കണ്ടിയില്‍ തെങ്ങ് വീണ് രണ്ട് പോസ്റ്റുകള്‍ തകര്‍ന്നു. ചിറ്റാരി പമ്പ് ഹൗസിന് സമീപം മരംവീണതിനെ തുടര്‍ന്ന് ലൈന്‍ പൊട്ടി. ഇവിടെയും പോസ്റ്റിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ചെറിയമങ്ങാട് കോട്ടയില്‍ അമ്പലത്തിന് സമീപം മരം വീണ് ലൈന്‍ പൊട്ടി. കൂടാതെ മരക്കൊമ്പ് പൊട്ടിവീണും മറ്റും പലയിടങ്ങളിലും ലൈന്‍ പൊട്ടി.
വൈദ്യുതി വിതരണം പൂര്‍ണമായി ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. തകരാര്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.