ഹർത്താൽ ദിനത്തിൽ പുലർച്ചെ കൊയിലാണ്ടിയിലും ആക്രമണം; ലോറിയുടെ മുൻഭാഗത്തെ ചില്ല് തകർത്തു


കൊയിലാണ്ടി: പുലർച്ചയെ ചരക്കുമായി പോകുന്ന ലോറിക്ക് നേരെ ആക്രമണം. കൊല്ലം ആനക്കുളത്ത് വെച്ച് ചെങ്കല്ലുമായി പോകുന്ന ലോറിക്ക് നേരെയാണ് അക്രമമുണ്ടായത്. ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങുന്നതിന് ഒന്നര മണിക്കൂർ മുൻപാണ് സംഭവം.

ഇന്ന് പുലർച്ചെ 04.30യോടെയാണ് ആക്രമണം നടന്നത് എന്നും അതിനാൽ തന്നെ ഹർത്താലുമായി ബന്ധമുള്ളതായി തോന്നുന്നില്ല എന്നും കൊയിലാണ്ടി പോലീസ് പറഞ്ഞു. ആനക്കുളം ദേശിയ പാതയിൽ വെച്ച് കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന KL 58 AG 3791 നമ്പർ ലോറിയുടെ ചില്ലാണ് തകർത്തത്. മുൻഭാഗം ചില്ല് ആരോ എറിഞ്ഞ് പൊളിച്ചതായാണ് വിവരം. ആക്രമണത്തിൽ ആർക്കും പരിക്കില്ല. കല്ലെറിഞ്ഞ ആളെ തിരിച്ചറിഞ്ഞിട്ടില്ല.