കക്കോടിയിൽ ഗാന്ധി സ്ക്വയറിനു നേരെ വീണ്ടും ആക്രമണം; ​ഗാന്ധി പ്രതിമയുടെ തല മുറിച്ചുമാറ്റി


കക്കോടി: കക്കോടി മോരിക്കരയിൽ ഗാന്ധി സ്ക്വയറിനു നേരെ വീണ്ടും ആക്രമണം. സ്ക്വയറിലെ ഗാന്ധി പ്രതിമയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രതിമയുടെ തല വെട്ടി മാറ്റിയ നിലയിലാണ് കണ്ടെത്തിയത്. ഇവിടെ സ്ഥാപിച്ച മദർ തെരേസ അടക്കമുള്ളവരുടെ ചിത്രങ്ങളുള്ള ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചിട്ടുണ്ട്. ചേവായൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

വെള്ളിയാഴ്ച രാത്രിയും ഗാന്ധി സ്ക്വയറിനു നേരെ നടന്ന ആക്രമണത്തിൽ മഹാന്മാരുടെ ഫോട്ടോകൾ ഉൾപ്പെടെ തകർത്തിരുന്നു. ആദ്യം ആക്രമണമുണ്ടായതിന് പിന്നാലെ പ്രദേശത്തെ ഒരു വ്യക്തിക്കെതിരെ ​ഗാന്ധി സ്ക്വയർ സംരക്ഷിക്കുന്നവർ ചേവായൂർ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് ഇന്നലെ രാത്രി വീണ്ടും ആക്രമണമുണ്ടായത്.

അതേസമയം സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് വ്യക്തമാക്കി. സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് രണ്ടു പേർ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഈ തർക്കമാകാം പ്രതിമ തകർക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ ചേവായൂർ പൊലീസ് അന്വേഷണം തുടങ്ങി.

Summary: Attack against Gandhi square at Kozhikode Kakkodi