അതിർത്തി കടക്കാനായി തണുത്ത് വിറച്ച് നിന്നത് മൂന്ന് ദിവസം; ഗേറ്റ് കടക്കാൻ ശ്രമിക്കുമ്പോൾ നേരിട്ടത് ആക്രമണം; ഉക്രൈനിൽ നിന്ന് നാട്ടിലേക്ക് ജീവ രക്ഷയ്ക്കായി പായുമ്പോൾ നേരിട്ട ഭീകരതകൾ വിവരിച്ച് മേപ്പയ്യൂർ സ്വദേശിനി ആതിര


മേപ്പയ്യൂര്‍: രാപ്പകലില്ലാതെ ജീവനായുള്ള പരക്കം പാച്ചിലായിരുന്നു, ഇത് അതീജീവനത്തിന്റെ കഥയാണ്. ഉക്രൈനില്‍ കാത് പൊട്ടുന്ന ബോംബ് സ്‌ഫോടനങ്ങളുടെയും ഹൃദയം തകരുന്ന കാഴ്ചകളുടെയും മധ്യത്തില്‍ നിന്ന് നാട്ടിലേക്കെത്താനായി പരക്കം പായുന്ന, ആഹാരവും വെള്ളവും തീര്‍ന്നു പോകുമ്പോഴും വിശ്വാസം കൈവിടാത്ത അനേകരുടെ കഥ. ഉക്രൈനില്‍ നിന്ന് രക്ഷപെട്ടു നാട്ടിലെത്തിയതിന്റെ കഥ മേപ്പയൂര്‍ സ്വദേശിയായ ആതിര കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് വിവരിക്കുന്നു… ഉക്രൈനിലെ ഡാനിലോ ഹലീസ്‌കി ലിവിവ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് ആതിര.

‘നാട്ടില്‍ നിന്ന് വീട്ടുകാര്‍ വിളിച്ചു പറയുമ്പോഴാണ് ഞങ്ങള്‍ യുദ്ധത്തിനെ പറ്റി അറിഞ്ഞത്. പതിയെ അവിടുത്തെ ഗ്രൂപ്പുകളിലും വാര്‍ത്തകള്‍ വന്നു തുടങ്ങി. താരതമ്യേനെ ഭീകരത കുറഞ്ഞ ലിവിവ് എന്ന സ്ഥലത്തായിരുന്നു ഞാന്‍ താമസിച്ചിരുന്നത്. എന്നാല്‍ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതനുസരിച്ച് എത്രയും പെട്ടന്ന് നാട്ടിലെത്തുക എന്ന തീരുമാനത്തിലെത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ഞങ്ങള്‍ യാത്ര ആരംഭിച്ചത്. ലിവിവില്‍ നിന്നു പോളണ്ട് ബോര്‍ഡറിലേക്ക് പോകാനായിരുന്നു തീരുമാനം. ഡോക്യൂമെന്റ്‌സും ജീവന്‍ നില നിര്‍ത്താനുള്ള ആഹാരവും വെള്ളവും കയ്യില്‍ കരുതിയാണ് ഞങ്ങള്‍ യാത്ര തുടങ്ങിയത്. പക്ഷേ പ്രതീക്ഷകളത്രെയും തകര്‍ത്ത് കൊണ്ട് ബോര്‍ഡര്‍ കടക്കാന്‍ സാധ്യമല്ല എന്ന മറുപടിയാണ്  കാത്തിരുന്നത്. സ്വന്തമായി വാഹനമുള്ളവരെ മാത്രമായിരുന്നു ബോര്‍ഡറിലൂടെ കടത്തി വിട്ടിരുന്നത്. എന്നാല്‍ ഞങ്ങളുടെ ഡ്രൈവര്‍ രക്ഷകനായി മാറി, അദ്ദേഹം ഞങ്ങളെ മറ്റൊരു ബോര്‍ഡറിലേക്ക് കൊണ്ടുപോകുവാന്‍ തയ്യാറായി. ഉക്രൈന്‍ – പോളണ്ട് അതിർത്തിയായ ഷേണായ് മെഡിക്കയിലേക്കായിരുന്നു പിന്നീടുള്ള യാത്ര. പക്ഷേ അതിര്‍ത്തിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ ഇപ്പുറത്തുവെച്ച് ട്രാഫിക് ബ്ലോക്കിനെ തുടര്‍ന്ന് ബസ് യാത്ര അവസാനിപ്പിക്കേണ്ടി വന്നു. തുടര്‍ന്ന് പത്തുകിലോമീറ്റര്‍ നടന്നാണ് ഞങ്ങള്‍ അതിര്‍ത്തിയിലെത്തിയത്’. ആതിര പറഞ്ഞു തുടങ്ങി.

 

എന്നാല്‍ അതിര്‍ത്തിയിലും വളരെയധികം തിരക്കായിരുന്നു, അവിടെയുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായിരുന്നു മുന്‍ഗണന. ഞങ്ങള്‍ വിദേശികളെ അവര്‍ പരിഗണിക്കുന്നുണ്ടായിരുന്നില്ല. രാത്രി മുതല്‍ നേരം വെളുക്കുന്നതുവരെ പതിനൊന്നു മണിക്കൂറിലധികമാണ് അതിര്‍ത്തയിലെ കൊടും തണുപ്പില്‍ അനുവാദത്തിനായി കാത്തു നില്‍ക്കേണ്ടി വന്നത്. എന്നിട്ടും ഞങ്ങള്‍ക്ക് ഗേറ്റ് കടക്കാനുള്ള അനുവാദം ലഭിച്ചില്ല. ഒടുവില്‍ അവിടെയുണ്ടായിരുന്ന ഷെല്‍റ്റര്‍ ഹോമില്‍ നില്‍ക്കാമെന്ന് വിചാരിച്ചെങ്കിലും ഞാനെത്തുമ്പോഴേക്കും അവിടം നിറഞ്ഞിരുന്നു.

പിറ്റേ ദിവസം രാവിലെ ബോര്‍ഡര്‍ കടക്കാനുള്ള ക്വു മൂന്നു ലൈനുകളായി തരം തിരിച്ചു. ഇന്ത്യന്‍ എംബസി ഇടപെട്ടിട്ടാണെണെന്നു പറയുന്നു. ഉക്രൈനിയര്‍ക്കും വിദേശികള്‍ക്കും ഇന്ത്യക്കാര്‍ക്കും എന്ന രീതിയില്‍. അവിടുത്തെ ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമുള്ളപ്പോഴാണ് അവര്‍ വാതില്‍ തുറക്കുക.

എന്നാല്‍ ആദ്യത്തെ ബോര്‍ഡര്‍ കടന്നു കിട്ടിയത് ഏറെ ബുദ്ധിമുട്ടിയായിരുന്നു. പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം ക്വു ഉണ്ടായിരുന്നെങ്കിലും അവിടം കടന്നു കിട്ടേണ്ടതിന് ഏറെ ബുദ്ധിമുട്ടി. ഞങ്ങള്‍ ഗേറ്റിനടുത്ത് നിന്ന സമയത്തു പോലും എളുപ്പത്തില്‍ കടക്കാന്‍ പറ്റിയില്ല. പ്രത്യേക ക്വുവുണ്ടായിരുന്നെങ്കിലും ഗേറ്റ് തുറക്കുമ്പോഴേക്കും സ്വദേശികളും പുരുഷന്മാരുമെല്ലാവരും കൂടി ഇടിച്ചു കയറി വരും. നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ഗേറ്റ് കടന്നെത്തുമ്പോള്‍ പല പെണ്‍കുട്ടികളും കരഞ്ഞു കൊണ്ടാണ് വന്നത്. ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നവരില്‍ ഏറെ പേര്‍ക്കും പരുക്കുകളുണ്ടായി. ഒരു കുട്ടിയുടെ കൈ ഒടിഞ്ഞു. നിരവധി പേര്‍ക്ക് ചതവുകളുണ്ടായി. ആണ്‍കുട്ടികള്‍ക്കും നിരധി അടികിട്ടി.

ആദ്യ ബോര്‍ഡറിലെ ഗേറ്റ് കടന്നു ഇമിഗ്രേഷന് അടുത്തെത്താനായി ഒരു മുഴുവന്‍ ദിവസം നില്‍ക്കേണ്ടി വന്നു. ആഹാരമോ ഒന്നും അവര്‍ നല്‍കിയിരുന്നില്ല. ഇടയ്ക്കു ബിസ്‌കറ്റുകള്‍ എറിഞ്ഞു തന്നെങ്കിലും വളരെ കുറച്ചു പേര്‍ക്കാണ് അത് ലഭിച്ചത്. അവിടെ നിന്ന് പാസ്‌പോര്‍ട്ട് സ്റ്റാമ്പ് ചെയ്യാനും ഏറെ നേരത്തെ ക്വുവില്‍ നില്‍ക്കേണ്ടി വന്നു. അങ്ങനെ ഏകദേശം രണ്ടു ദിവസത്തെ നീണ്ട യാതനകള്‍ക്കൊടുവില്‍ പോളണ്ട് ബോര്‍ഡര്‍ കടന്നു. അവിടെ തങ്ങളെ കാത്തിരുന്നത് പോളണ്ട് മലയാളി അസോസിയേഷനാണെന്നും എംബസിക്കാരുണ്ടായിരുന്നില്ലെന്നും ആതിര പറഞ്ഞു.

പോളണ്ട് ബോര്‍ഡറിലേക്കു പോകാനുള്ള അറിയിപ്പ് കിട്ടിയതോടെ ഉക്രൈനില്‍ ഒപ്പമുണ്ടായിരുന്ന മലയാളികളെല്ലാം വാനുകളിലും യൂബെറിലുമായി യാത്ര തിരിച്ചു. ഞാന്‍ സഞ്ചരിച്ചിരുന്ന ബസ്സില്‍ 24 പേരാണുണ്ടായിരുന്നത്. എന്നാല്‍ ബോര്‍ഡറില്‍ ഗേറ്റ് കടക്കാനുള്ള ശ്രമത്തില്‍ ഞങ്ങളെല്ലാം ചിതറി പോയി. ഒടുവില്‍ പോളണ്ടില്‍ എത്തി മറ്റുള്ളവര്‍ക്കായി കാത്തിരിക്കുകയായിരുന്നു.

മലയാളി അസ്സോസിയേഷന്‍ക്കാര്‍ ഞങ്ങളെ ഹോട്ടലിലെത്തിക്കുകയും ആഹാരം വാങ്ങി തരുകയും ചെയ്തു. പിന്നീടാണ് എംബസ്സിക്കാര്‍ എത്തിയത്. ആ ദിവസം വൈകിട്ടോടെ ഞങ്ങള്‍ക്ക് ഫ്‌ലൈറ്റ് ഒരുക്കി തന്നു. അടുത്ത ദിവസം ഞങ്ങള്‍ െഡല്‍ഹിയിലെത്തി. തുടര്‍ന്ന് കേരളത്തിലേക്കുള്ള യാത്ര സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെയായിരുന്നു. ബുധനാഴ്ച രാത്രിയോടെ നെടുമ്പാശേരിയിലെത്തിയ ശേഷം നാട്ടിലേക്കു വരാനായി കെ.എസ്.ആര്‍.ടി.സി ബസ്സ് ഒരുക്കിയിട്ടുണ്ടായിരുന്നു. അങ്ങനെ യാതനകളുടെയും സങ്കടങ്ങളുടെയും പോരാട്ടത്തിന്റെയുമൊടുവില്‍ ഇന്നലെ പുലർച്ചയോടെ വീട്ടിലെത്തി.

ഇപ്പോൾ യൂണിവേഴ്സിറ്റി രണ്ടാഴ്ചത്തേക്ക് അവധി നൽകിയിരിക്കുകയാണ്. മുന്നോട്ടുള്ള കാര്യങ്ങളെങ്ങനെയാണെന്നറിയില്ല. മറ്റു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

മേപ്പയ്യൂരിലെ ജയന്‍ – ശ്രീജിത ദമ്പതികളുടെ മകളാണ് ആതിര.