‘നിലത്ത് യോഗ മാറ്റിൽ ഇരിക്കുന്ന രീതിയിലായിരുന്നു മൃതദേഹം, ആദ്യം കണ്ടത് പരിശീലനത്തിനായി വിളിക്കാൻ പോയ കുട്ടികൾ’; കിനാലൂർ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്‌സിലെ അസിസ്റ്റൻറ് കോച്ചിന്റെ മരണത്തിൽ ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു
ബാലുശ്ശേരി: ‘ഇന്ന് രാവിലെ പയ്യോളിയിലായിരുന്നു കുട്ടികൾക്ക് പരിശീലനം. അതിനായി വിളിക്കാൻ പോയതായിരുന്നു ഒരു വിദ്യാർത്ഥിനി. യോഗ മാറ്റിൽ ഇരിക്കുന്ന രീതിയിലായിരുന്നു ശരീരം കണ്ടത്. അതിനാൽ തന്നെ യോഗ ചെയ്യുകയാണെന്ന ധാരണയിൽ പോയി. വീണ്ടും മറ്റൊരു കുട്ടി അവിടെ എത്തിയപ്പോൾ ഷോളിന്റെ ഒരു തുമ്പ് കണ്ട സംശയം തോന്നുകയായിരുന്നു. മുറിയിൽ വെളിച്ചവും കുറവായിരുന്നു. ഇതിനെത്തുടർന്ന് സെക്യൂരിറ്റിയെയും മറ്റും വിളിച്ച് വിവരം പറയുകയും അവരെത്തി പരിശോധനയിൽ മരണപെട്ടതായി കണ്ടെത്തുകയുമായിരുന്നു. കഴുത്തിൽ കുരുക്കിട്ട് തറയിൽ കാല് നീട്ടി ഇരിക്കുന്ന രീതിയിലായിരുന്നു കണ്ടെത്തിയത്’. ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ചിനെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചതായി ബാലുശ്ശേരി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവമെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. തമിഴ്നാട് സ്വദേശിയായ ജയന്തിയെ ആണ് ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 27 വയസായിരുന്നു. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം’. വ്യക്തിപരമായ കാര്യങ്ങളാണ് മരണത്തിലേക്ക് നയിച്ചത് എന്നതാണ് പറയുന്നത്. കുട്ടികളുമായും മറ്റ് സഹപ്രവർത്തകരായും പ്രശ്നങ്ങളൊന്നുമില്ലായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന്’ പോലീസ് അറിയിച്ചു.
ഒന്നര വർഷം മുൻപാണ് ജയന്തി ഇവിടെ കോച്ചായെത്തിയത്. നിരവധി നേട്ടങ്ങളും ഇവർക്ക് കീഴിൽ വിദ്യാർത്ഥികൾ നേടിയിട്ടുണ്ട്. 2016 ൽ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്ത് ഹെപ്റ്റാത്തലണിൽ ജയന്തി നേടിയ റെക്കോർഡ് ഇപ്പോഴും അവരുടെ പേരിൽ തന്നെ നിലനിൽക്കുന്നുണ്ട്.
ബംഗളൂരുവിൽ എൻ.ഐ.എസ് കോഴ്സ് പൂർത്തിയാക്കിയ ശേഷമാണ് ഉഷാ സ്ക്കൂളിൽ ചുമതലയെടുത്തത്. ഇവിടെയുള്ള 27 കുട്ടികൾക്ക് പരിശീലനം നൽകി വരികയായിരുന്നു. പരേതനായ പളനിസ്വാമിയുടെയും കവിതയുടെയും മകളാണ്. മൃതദേഹം പൊസ്മാർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിവരമറിഞ്ഞ് ജയന്തിയുടെ സഹോദരൻ കോഴിക്കോടെത്തി.