തുറയൂരില്‍ ആരോമല്‍ ബസ് ജീവനക്കാരെ മര്‍ദിച്ച സംഭവം; ബസ് കണ്ടക്ടര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പ്രതികരിക്കുന്നു


പയ്യോളി: ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വ്വീസ് ചോദ്യം ചെയ്തതിന് ആരോമല്‍ ബസിലെ ഡ്രൈവറെ മര്‍ദിച്ചതില്‍ ഒന്നടങ്കം പ്രതിഷേധിച്ചാണ് ഇന്ന് ബസ് പണിമുടക്ക് നടത്തുന്നത്. പയ്യോളിയില്‍ ഓട്ടോറിക്ഷകള്‍ നിരന്തരം സമാന്തര സര്‍വ്വീസ് നടത്താറുണ്ടെന്നും ഇതിനെതിരെ മുന്‍പ് ബസ് ഡ്രൈവര്‍മ്മാര്‍ ഒന്നിച്ച് പയ്യോളി സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആരോമല്‍ ബസ് കണ്ടക്ടര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഇന്നലെ രാത്രി 8 മണിയോടെ പയ്യോളിയിലേക്ക് സര്‍വ്വീസ് നടത്തുന്നതിനിടെ സമാന്തര സര്‍വ്വീസ് നടത്തിയ ഓട്ടോയെ ചോദ്യം ചെയ്തതിനാണ് ബസ് ഡ്രൈവര്‍ ആവിക്കല്‍ സ്വദേശി സായിവിന്റെ കാട്ടില്‍ രൂപേഷിനെ മര്‍ദിച്ചത്. തുടര്‍ന്ന് തുറയൂര്‍ പാലച്ചുവടില്‍ വച്ച് ഒരുസംഘം ആളുകള്‍ ചോദ്യം ചെയ്യാന്‍വരികയും മര്‍ദിക്കുകയുമായിരുന്നു.

ഇവിടെ നിന്നും പോയ ശേഷം പിന്നെയും പയ്യോളി അങ്ങാടിയില്‍ വച്ചും ഓട്ടോ തൊഴിലാളികള്‍ മര്‍ദിച്ചെന്നാണ് ബസ് തൊഴിലാളികള്‍ പറയുന്നത്. സംഭവത്തില്‍ ഡ്രൈവര്‍ക്ക് നിസ്സാരമായി പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് ഇയാള്‍ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയില്‍ ചികിത്സ തേടി. മുന്‍പും സമാന്തര സര്‍വ്വീസുകള്‍ നടത്തിയതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. പരാതികള്‍ നല്‍കിയിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ബസ് തൊഴിലാളി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

നിലവില്‍ പയ്യോളി പോലീസ് സ്‌റ്റേഷനില്‍ ഡ്രൈവറെ മര്‍ദിച്ചതിനും ബസ്സിന് കേടുപാടുകള്‍ സംഭവിച്ചതിനും ബസ്സ് തൊഴിലാളികള്‍ പരാതി നല്‍കിയിട്ടുണ്ട്.