വിദ്യാർത്ഥികളെ ലക്ഷ്യംവെച്ച് എം.ഡി.എം.എയുമായി ഓട്ടോയിൽ കറങ്ങി; അരിക്കുളം സ്വദേശിയെ പൊക്കി കൊയിലാണ്ടി പോലീസ്


കൊയിലാണ്ടി: വിൽപ്പനയ്ക്കായെത്തിച്ച എം.ഡിഎം.എയുമായി അരിക്കുളം സ്വദേശിയായ യുവാവ് പിടിയിൽ. അരിക്കുളം ചെടപ്പള്ളി മീത്തൽ വിനോദ് (41)നെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 1.18 ​ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

സി.ഐ എം.വി വിജയന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സ്വന്തം ഒട്ടോറിക്ഷയിൽ വിദ്യാർത്ഥികളെ ലക്ഷ്യംവെച്ചാണ് ഇയാൾ എം.ഡി.എം.എ കൊണ്ടുവന്നത്. കൊയിലാണ്ടി ബിഎസ്എൻഎൽ ഓഫീസ് പരിസരത്ത് വെച്ചാണ് വിനോദ് പിടിയിലായത്. വിനോദ് സഞ്ചരിച്ച KL 56 V 7175 നമ്പർ ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു.

സി.ഐയുടെ നിർദേശ പ്രകാരം എസ്.ഐ അനീഷ് വി യും സംഘവുമാണ് പ്രതിയെ പിടികൂടിയത്. സീനിയർ സിപിഒ ബിന്ദു, സിപിഒ രാഗേഷ്, ഡ്രൈവർ സിപിഒ ഗംഗേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.