സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റി വെച്ചത്.

നവംബര്‍ 21മുതലാണ് ബസ് സമരം നടത്താന്‍ ഉടമകള്‍ തീരുമാനിച്ചിരുന്നത്. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെന്നും ആ തീരുമാനത്തില്‍ മാറ്റമില്ലെന്നും ക്യാമറകള്‍ ഘടിപ്പിക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്നോട് പോകില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ അകവും പുറവും കാണുന്ന ക്യാമറ ആണെങ്കില്‍ എണ്ണത്തില്‍ മാറ്റമുണ്ടാകാമെന്നും അക്കാര്യത്തില്‍ ഭേദഗതി ആവശ്യമെങ്കില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധനവിലും മന്ത്രി പ്രതികരിച്ചു. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ വിഷയത്തില്‍ രവി രാമന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്നും ലിമിറ്റഡ് സ്റ്റോപ്, ഓര്‍ഡിനറി ബസുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പുനഃപരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

നിരക്ക് വര്‍ധന സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് ഒക്ടോബര്‍ 30 നാണ് സ്വകാര്യ ബസ് ഉടമകളുടെ സംയുക്തസംഘടന അറിയിച്ചത്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 31ന് സ്വകാര്യബസുകള്‍ സംസ്ഥാനവ്യാപകമായി പണിമുടക്ക് നടത്തുകയും ചെയ്തിരുന്നു.