താമരശ്ശേരിയില്‍ വീടിന് മുകളിലേക്ക് മിനി ലോറി മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം


താമരശ്ശേരി: താമരശേരിയില്‍ വീടിന് മുകളിലേക്ക് മിനി ലോറി മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. ലോഡിങ് തൊഴിലാളികളായ രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രാജന്റെ എന്ന തൊഴിലാളിയുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം.

കുന്നിന്റെ മുകളില്‍ നിന്ന് മരം കയറ്റി വരുകയായിരുന്ന ലോറി താഴേക്ക് റിവേഴ്സ് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. തുടര്‍ന്നാണ് ലോറിക്കുള്ളിലുണ്ടായിരുന്ന തൊഴിലാളിള്‍ക്ക് പരിക്കേറ്റത്. വണ്ടി മറിഞ്ഞപ്പോള്‍ മരത്തിന് അടിയില്‍പ്പെട്ട രാജനെ നാട്ടുകാരെത്തി മരം മാറ്റി പുറത്തെടുക്കുകയായിരുന്നു.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ലോറിയില്‍ ഒപ്പമുണ്ടായിരുന്ന ആളുടെ നില ഗുരുതരമല്ല. താമരശേരി സ്വദേശി മോഹനന്‍ എന്നയാളുടെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞുവീണത്. വീടിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.