പ്ലസ് വണ്‍ സീറ്റിന് കൈക്കൂലി വാങ്ങിയെന്ന ആരോപണം; ഡി.വൈ.എഫ്.ഐയ്‌ക്കെതിരെ നിയമനടപടിയുമായി കോണ്‍ഗ്രസ് അരിക്കുളം മണ്ഡലം പ്രസിഡന്റ്



അരിക്കുളം: കൈക്കൂലി വാങ്ങിയെന്ന ഡി.വൈ.എഫ്.ഐയുടെ ആരോപണത്തെ നിയമപരമായി നേരിടുമെന്ന് അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും കെ.പി.എം.എസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പി.ടി.എ പ്രസിഡന്റുമായ ശശി ഊട്ടേരി. സ്‌കൂളില്‍ +1 സീറ്റ് വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥിയുടെ രക്ഷിതാവില്‍ നിന്ന് കൈക്കൂലി വാങ്ങി എന്ന ആരോപണം വസ്തുതകള്‍ക്കു നിരക്കാത്തത് ആണെന്നും അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വ്യക്തമാക്കി.

അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ചവര്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അരിക്കുളത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരില്‍ ചിലര്‍ ഫേസ്ബുക്കിലൂടെയാണ് ആരോപണം ഉന്നയിച്ച് തുടങ്ങിയത്. ഏത് രക്ഷിതാവില്‍ നിന്ന് കോഴവാങ്ങി എന്നോ അങ്ങനെ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥി ആരാണ് എന്നോ വ്യക്തമാക്കാത്തതാണ് ഫേസ്ബുക് പോസ്റ്റെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

തെളിവുകള്‍ ഇല്ലാതെ പുകമറ സൃഷ്ടിച്ചു കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡണ്ടിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി പൊതു സമൂഹത്തിന്റെ മുന്നില്‍ അപഹാസ്യനാക്കുക എന്നാണ് ആരോപണത്തിന് പിന്നിലെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ആരോപണം ഉന്നയിച്ച് കെ.പി.എം.എസ്.എം. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പി.ടി.എ.പ്രസിഡണ്ട് പദവി സി.പി.ഐ.എമ്മിന് കൈക്കലാക്കാനും കൂടിയുള്ള ശ്രമമാണെന്നും മണ്ഡലം കമ്മറ്റി ആരോപിക്കുന്നു.