പയ്യോളിയില്‍ ഓടുന്ന ലോറിയില്‍ ചാടിക്കയറി യുവാക്കള്‍ ഡ്രൈവറെ മര്‍ദ്ദിച്ചു; ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം


പയ്യോളി: നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം. ദേശീയപാതയില്‍ പയ്യോളി ബസ് സ്റ്റാന്റിന് സമീപത്ത് വച്ച് ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ലോറിയിലേക്ക് ചാടിക്കയറി ഒരു സംഘം യുവാക്കള്‍ ഡ്രൈവറെ മര്‍ദ്ദിച്ചതാണ് അപകടത്തിന് കാരണമായത്.

ദേശീയപാതാ വികസന പ്രവൃത്തിക്ക് ആവശ്യമായ സിമന്റ് മിശ്രിതം ഇറക്കിയ ശേഷം കൊയിലാണ്ടി ഭാഗത്തേക്ക് തിരിച്ച് പോകുകയായിരുന്നു ലോറി. അതേ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമായി ഇടിച്ച് ചെറിയ അപകടമുണ്ടായതാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് ഹോം ഗാര്‍ഡ് എത്തി രണ്ട് വാഹനങ്ങളും പയ്യോളി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു.

ലോറി സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പോസ്റ്റില്‍ ഇടിക്കാന്‍ കാരണമായ സംഭവമുണ്ടായത്. പയ്യോളി ബസ് സ്റ്റാന്റിന് സമീപമെത്തിയപ്പോള്‍ യുവാക്കള്‍ ഓടുന്ന ലോറിയിലേക്ക് ചാടിക്കയറുകയും കോയമ്പത്തൂര്‍ സ്വദേശിയായ ഡ്രൈവര്‍ ജയറാമിനെ മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ലോറി പോസ്റ്റിലിടിച്ചത്. അപകടത്തില്‍ വൈദ്യുതി പോസ്റ്റ് പൂര്‍ണ്ണമായി തകര്‍ന്നു. അപകടത്തില്‍ പെട്ട കാറിനൊപ്പം രണ്ട് കാറുകള്‍ കൂടി ഉണ്ടായിരുന്നുവെന്നാണ് വിവരം.

പയ്യോളി സബ്ബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ലോറി ഡ്രൈവറും ദൃക്‌സാക്ഷിയായ നാട്ടുകാരും പറഞ്ഞതോടെയാണ് അപകടത്തിന്റെ കാരണം വെളിവായത്.