ബാലുശ്ശേരിയിലെ വാഹനാപകടത്തിൽ ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു; മരണപ്പെട്ടത് ചേലിയ സ്വദേശിനി വിഷ്ണുപ്രിയ


ബാലുശ്ശേരി: കോക്കല്ലൂരില്‍ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു അഖിലിന് പിന്നാലെ ഭാര്യ ചേലിയ സ്വദേശിനി വിഷ്ണുപ്രിയയും (26) മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ഇവർ സഞ്ചരിച്ച ബെെക്കിൽ ടിപ്പറിടിച്ചായിരുന്നു അപകടം.

വിഷ്ണുപ്രിയയുടെ കൊയിലാണ്ടിയിലെ വീട്ടിലേക്ക് ഇരുചക്രവാഹനത്തില്‍ പോകവെയാണ് അപകടം. അഖിലും ഭാര്യ വിഷ്ണുപ്രിയയും സഞ്ചരിച്ച സ്കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖില്‍ ബുധനാഴ്ച രാവിലെയോടെ മരണപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെ രാത്രി 9.30 ഓടെയാണ് വിഷ്ണുപ്രിയ മരിച്ചത്.

Also Read- ബാലുശ്ശേരിയില്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

കൊയിലാണ്ടി ചേലിയ എമ്മെച്ചംകണ്ടി വേലായുധന്റെയും സരസ്വതിയുടെയും ഏകമകളാണ് വിഷ്ണുപ്രിയ. തെങ്ങുകയറ്റ തൊഴിലാളിയായ കൃഷ്ണന്റെയും സത്യയുടെയും ഏക മകനായ അഖില്‍ ഡിവൈഎഫ്‌ഐ വട്ടക്കൊരു യൂണിറ്റ് സെക്രട്ടറിയും മേഖല കമ്മിറ്റി അംഗവുമാണ്. അഖിലിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെയാണ് രാത്രി ഒന്‍പതരയോടെ വിഷ്ണുപ്രിയയും മരണത്തിന് കീഴടങ്ങിയതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.