മൊബൈല്‍ മോഷണമടക്കമുള്ള കവര്‍ച്ചാ കേസുകളില്‍ പ്രതിയായ യുവാവ് കൊയിലാണ്ടിയില്‍ പിടിയില്‍; അറസ്റ്റിലായത് പുളയഞ്ചേരി സ്വദേശി


കൊയിലാണ്ടി: നിരവധി മോഷണ സംഭവങ്ങളില്‍ പ്രതിയായ യുവാവ് കൊയിലാണ്ടിയില്‍ പിടിയില്‍. പുളിയഞ്ചേരി എരോത്ത് താഴ സുഗീഷ് (35) നെയാണ് മരളൂര്‍ ക്ഷേത്രത്തിന് സമീപത്തുവെച്ച് പൊലീസ് പിടികൂടിയത്. പട്രോളിങ്ങിനിടെ സംശയം തോന്നി ഇയാളെ ചോദ്യം ചെയ്യുകയും പരിശോധിക്കുകയുമായിരുന്നു.

മൊബൈല്‍ മോഷണം, മോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടന്ന് മോഷണം, ആക്രിസാധനങ്ങള്‍ മോഷ്ടിച്ച് വില്‍ക്കല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. ഇയാളില്‍ നിന്ന് മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു.

കഴിഞ്ഞദിവസം രാത്രി കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ ഒരാളെ ആക്രമിച്ച് മൊബൈല്‍ മോഷ്ടിച്ച കേസില്‍ പ്രതിയാണിയാളെന്ന് പൊലീസ് പറയുന്നു. ഇയാള്‍ നേരത്തെയും മോഷണക്കേസുകളില്‍ പിടിയിലായിരുന്നു.
എസ്.ഐ.അനീഷ് വടക്കയില്‍, എസ്.സി.പി.ഒമാരായ ടി.പി.പ്രവീണ്‍, കെ.ഷൈജു, മൗവ്യ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.