പേരാമ്പ്രയില്‍ പ്രഭാത സവാരിക്കുപോയ വയോധികന്‍ മരിച്ച നിലയില്‍; സമീപത്തുനിന്നും ഇടിച്ചതെന്ന് സംശയിക്കുന്ന വാഹനവും കണ്ടെത്തി


പേരാമ്പ്ര: പേരാമ്പ്രയില്‍ റോഡരികില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി. പേരാമ്പ്ര ഉണ്ണിക്കുന്ന് സ്വദേശി ചാലില്‍ വേലായുധന്‍ ആണു മരിച്ചത്. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ചെമ്പ്ര റോഡ് കൈലാസ് ഫുഡ് പ്രോഡക്റ്റ്‌സിന് സമീപം ഇന്ന് രാവിലെ ആറു മണിയോടുകൂടിയാണ് മൃതദേഹം കണ്ടെത്തിയത്.

റോഡരികില്‍ വയോധികന്‍ വീണുകിടക്കുന്നത് കണ്ടതിനെത്തുടര്‍ന്ന് പേരാമ്പ്ര പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സജി അഗസ്റ്റിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയതാണെന്നു പറയപ്പെടുന്നു. വീണുകിടക്കുന്നതിനു സമീപം ഇടിച്ചതെന്നു സംശയിക്കുന്ന നിലയില്‍ ഒരു സ്‌കൂട്ടറും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പേരാമ്പ്ര പോലീസ് കേസെടുത്തു. സംഭവ സ്ഥലത്തു നിന്നും കണ്ടെത്തിയ സ്‌കൂട്ടര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെ പരിശോധനയ്ക്കായി എത്തും.

മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായ് ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യ: വനജ. മക്കള്‍: ലിന്‍സി, ലിനി.