രാമനാട്ടുകരയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിക്കാന്‍ശ്രമം; യുവാവിനെ നാട്ടുകാര്‍ പിടികൂടി


 

രാമനാട്ടുകര: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. തൃശ്ശൂര്‍ ചൊവ്വൂര്‍വളപ്പില്‍ അക്ഷയ് പ്രഭാകരനെയാണ് (29) നാട്ടുകാര്‍ ഫറോക്ക് പോലീസിലേല്‍പ്പിച്ചത്.

ഇന്നലെയാണ് സംഭവം നടന്നത്. രാമനാട്ടുകര പൂവ്വന്നൂര്‍ പള്ളിക്കുസമീപം താമസിക്കുന്ന മുട്ടുംകുന്നത്ത് എം.പി മോഹന്‍ദാസിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. മോഷ്ടാവ് അക്ഷയ് പ്രഭാകരന്‍ വീടിന്റെ ഗേറ്റ് തുറന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാതെ ഉരുട്ടി റോഡിലേക്ക് കൊണ്ടുവരികയായിരുന്നു.

ഈ സമയത്ത് പള്ളിയിലേക്ക് പോകുന്ന ആളുകള്‍ ബൈക്ക് തള്ളിക്കൊണ്ടുപോകുന്നത് കണ്ടു. ചോദിച്ചപ്പോള്‍ മോഷ്ടിച്ചതാണെന്ന് വ്യക്തമായി. തുടര്‍ന്ന് ബൈക്കുടമയെ വിളിച്ചുവരുത്തി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.

summary: a young man was arrested for trying to steal a bike parked in the backyard