‘നല്ല ഓര്‍മ്മ ശക്തിയാണല്ലോ…. നന്നായി ചൊല്ലുന്നുമുണ്ട്’ അധ്യാപകന്‍ പകര്‍ന്ന ആത്മവിശ്വാസം കല്ലുവെട്ടി നടന്നവനെ കെ.എ.എസിലേക്കെത്തിച്ച മാസ്മരികത; സുബൈര്‍ അരിക്കുളത്തിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നു


‘നല്ല ഓര്‍മ്മ ശക്തിയാണല്ലോ…. നന്നായി ചൊല്ലുന്നുമുണ്ട്’ എന്ന മാഷിന്റെ പ്രോത്സാഹനം, അന്നുവരെ ഒരു ടീച്ചറും എന്നിലര്‍പ്പിക്കാത്ത വിശ്വാസം…ഞാനറിയാതെ ആത്മാഭിമാനത്തിന്റെ ഓലപ്പടക്കങ്ങള്‍ എന്നിലേക്കെറിയുകയായിരുന്നു’. കെ.എ.എസ് ഉദ്യോഗസ്ഥനായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച അരിക്കുളം സ്വദേശി സുബൈര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളില്‍ ചിലതാണിത്.

പഠനത്തില്‍ അത്രയധികം മികവ് പുലര്‍ത്താതിരുന്ന ഒരു കാലഘട്ടത്തില്‍ ഉള്ളു തുറന്ന് പ്രോത്സാഹനം നല്‍കിയ തന്റെ അധ്യാപകനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കുറിപ്പാണിത്. പഠനത്തിന്റെ ചില ഘട്ടങ്ങളില്‍ പുറകോട്ടായിപ്പോയതിന്റെ പേരില്‍ തളര്‍ന്നിരിക്കുന്ന ഏതൊരാള്‍ക്കും പ്രചോദനമാവുന്ന ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.

ഒരാള്‍ക്കും ഉന്നതങ്ങളില്‍ എത്താന്‍ പറ്റില്ല എന്നു വിശ്വസിക്കേണ്ടതില്ല എന്നതാണ് അദ്ദേഹത്തിന്റെ കുറിപ്പില്‍ നിന്നും ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്. കല്ലുവെട്ടി നടന്ന താന്നെ കെ.എ.എസില്‍ എത്തിച്ചതിനു പിന്നിലെ ആ മാസ്മരികതയും അതു തന്നെയാണെന്നും അദ്ദേഹം പറയുന്നു.

കെ.എ.എസ് ഉദ്യോഗസ്ഥനായ സുബൈര്‍. കെ.കെ അരിക്കുളത്തിന്റെ കുറിപ്പ് പൂര്‍ണ്ണമായി വായിക്കാം.

 

കല്ലുവെട്ടി നടന്നവനെ കെ.എ.എസിലേക്കെത്തിച്ച മാഷ്

എനിക്കിന്ന് സര്‍ക്കാര്‍ സേവനത്തില്‍ പുനര്‍ജന്‍മം കിട്ടി.
18 മാസം നീണ്ട കെ.എ.എസ് പരിശീലനം പൂര്‍ത്തിയാക്കി വീണ്ടും ഗോദയിലേക്ക്…. ഇന്ന് പറയുന്നത് മാഷിനെ കുറിച്ചാണ്. സ്‌കൂളധ്യാപകനായി തുടങ്ങി സര്‍വ്വകലാശാലാ വി.സി വരെയായ ഞങ്ങടെ സ്വന്തം അടാട്ട് മാഷക്കുറിച്ച്

പ്രീ -ഡിഗ്രി അത്ര മോശംഡിഗ്രിയല്ലാത്ത കാലം. പരീക്ഷയില്‍ മിക്കവരും ഇംഗ്ലീഷിന് തോല്‍ക്കുകയാണ് പതിവ്. ഞാനും തോറ്റു.. സപ്തംബറില്‍ ഒന്നുകൂടി ഭാഗ്യപരീക്ഷണം നടത്തി. റിസള്‍ട്ട് വരാന്‍ കുറെ മാസമെടുക്കും… എന്തുചെയ്യും.. നാട്ടില്‍ കിട്ടാന്‍ പണിയൊന്നൂല്ല. തയ്യുളളതില്‍ വളപ്പിലെ കല്ലുവെട്ടുകുഴിയുടെ കരയില്‍ ചെന്നിരിക്കും. കഥ പറയും. രണ്ട് മൂന്നു ദിവസമാവര്‍ത്തിച്ചപ്പോള്‍ ചന്ദ്രേട്ടന്‍ പരിഹാസരൂപേണ ചോദിച്ചു. ഒന്ന് കൊത്തി (വെട്ടി) നോക്കുന്നോ? ജാത്യടിസ്ഥാനത്തില്‍ തൊഴിലുകള്‍ വിഭജിക്കപ്പെട്ടിരിക്കുന്ന നാട്ടില്‍ മാപ്പിളമാരാരും കല്ലുവെട്ടാനിറങ്ങാറില്ലായിരുന്നു. അത്ര എളുപ്പമുള്ള പണിയല്ല. എങ്കിലും ശ്രമിക്കാം…..വീട്ടിലറിയാതെയും പിന്നെയറിഞ്ഞും കല്ലുകൊത്ത്കാരനായി. പഠനത്തെ മറന്ന് രസകരമായി മുന്നോട്ടു പോവുമ്പോഴാണ് മാര്‍ച്ചില്‍ റിസള്‍ട്ട് വരുന്നത്. പടച്ചോനേ…കഷ്ടിച്ച് ജയിച്ചു. ഇനിയെന്ത്? അറിയില്ല. പുതിയ അധ്യയന വര്‍ഷം വരെ അങ്ങനെ തുടര്‍ന്നു.

‘നമ്പ്രത്ത്കരയില്‍ സംസ്‌കൃത സര്‍വ്വകലാശാല വരുന്നു. പോയ്ക്കൂടെ’ എന്ന് ജ്യേഷ്ഠന്‍ അസ്‌റുക്കാ. അഞ്ചാറ് കിലോമീറ്റര്‍ മാത്രം….സൈക്കിളെടുത്ത് പോകാവുന്ന ദൂരം. ചെന്നു…..ഒരു ക്ലിനിക്കിനായി നിര്‍മ്മിച്ച പഴയൊരു കെട്ടിടവും രണ്ട് ഓലഷെഡും. ഒരു കോളേജിന്റെയെന്നല്ല ഒരു സ്‌കൂളിന്റെ പോലും പകിട്ടില്ലാത്ത സര്‍വ്വകലാശാലാ കേന്ദ്രം.. ഒട്ടും ആകര്‍ഷണീയമല്ലാത്തതായിരിക്കാം. ആദ്യ കൊല്ലം അധികംപേരൊന്നും ബി.എ കോഴ്‌സിനപേക്ഷിച്ചില്ല. കിട്ടി.. 13 രൂപ ഫീസടച്ചു….ചേര്‍ന്നു. . ക്ലാസില്‍ പോയി തുടങ്ങുന്ന കാലത്തും കല്ല് വെട്ട് നിര്‍ത്തിയിരുന്നില്ല..

ക്ലാസ് മാഷായെത്തി സംസ്‌കൃതം പഠിപ്പിക്കാന്‍ തുടങ്ങിയത് കനത്ത ശബ്ദവും ഇരുണ്ട നിറവും ചുരുണ്ട മുടിയുമുള്ള ഒരു തൃശൂര്‍ക്കാരനായിരുന്നു. പ്രഭാഷകനും എഴുത്തുകാരനുമെല്ലാമാണദ്ദേഹം എന്നറിയുന്നത് പിന്നീടാണ്.

‘അതെന്നു പ്രഥമയ്ക്കര്‍ത്ഥം ദ്വിതീയയ്ക്കതിനെപ്പുനഃ’ എന്ന് തുടങ്ങുന്ന വിഭക്തി ശ്ലോകം ചൊല്ലിയപ്പോള്‍ ‘നല്ല ഓര്‍മ്മ ശക്തിയാണല്ലോ…. നന്നായി ചൊല്ലുന്നുമുണ്ട്’ എന്ന് മാഷിന്റെ പ്രോത്സാഹനം. അന്നുവരെ ഒരു ടീച്ചറും എന്നിലര്‍പ്പിക്കാത്ത വിശ്വാസം…ഞാനറിയാതെ ആത്മാഭിമാനത്തിന്റെ ഓലപ്പടക്കങ്ങള്‍ എന്നിലേക്കെറിയുകയായിരുന്നു മാഷ്.
പിന്നീട് കലാമത്സരങ്ങള്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം, വിദ്യാര്‍ത്ഥി രാഷ്ടീയം തുടങ്ങി എല്ലാ മേഖലയിലും ആത്മവിശ്വാസമെറിയുന്ന ആള്‍രൂപമായി മാഷ് കൂടെയുണ്ടായിരുന്നു. എന്റെ മാത്രമല്ല… ആ ചെറിയ കാമ്പസില്‍ പഠിച്ചിരുന്ന ഓരോരുത്തരും അറിഞ്ഞോ അറിയാതെയോ ആ മനുഷ്യന്റെ ചിറകിലേറുന്നുണ്ടായിരുന്നു. മാഷ് ഞങ്ങളെ നഗരങ്ങള്‍ കാണിച്ചു. ഗ്രാമങ്ങളില്‍ ക്യാമ്പുകള്‍ നടത്തി ജനങ്ങളിലേക്കിറങ്ങാന്‍ പ്രാപ്തമാക്കി. ഒരു വിദ്യാര്‍ത്ഥിയുടെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും കടമ പഠിക്കുക…. പഠിക്കുക.. പഠിക്കുക എന്നതാണെന്ന് പേര്‍ത്തും പേര്‍ത്തും ഓര്‍മ്മിപ്പിച്ചു. മാനസികമായും വൈകാരികമായും മാത്രമല്ല… സാമ്പത്തികമായും പിന്തുണ നല്‍കി. എല്ലാവരും നന്നായി പഠിച്ചു. അല്ല മാഷ് പഠിപ്പിച്ചു. നാടകം കളിപ്പിച്ചു. പ്രസംഗിപ്പിച്ചു. കൂടെപ്പാടുകയും ആടുകയും ചെയ്തു., ഒന്നുമല്ലാതായിപ്പോവുമായിരുന്ന ഒരുകൂട്ടം ദരിദ്രവിദ്യാര്‍ത്ഥികളുടെ മനസ്സിലേക്കും തലച്ചോറിലേക്കും ആത്മവിശ്വാസത്തിന്റെ വിത്തുകള്‍ മുളപൊട്ടാനുതകുന്നതായിരുന്നു മാഷിന്റെ ഇടപെടലുകള്‍.

മാഷേ…. മാഷിനല്‍പം ആപത്തു കാലമാണെന്നറിയാം .. എങ്കിലും മാഷ് നട്ടുനനച്ച തൈകളൊന്നും വെറുതെയായിട്ടില്ല. പടര്‍ന്നു പന്തലിക്കാന്‍ അവയ്‌ക്കെന്തു വേണം…. മാഷ് നല്‍കിയ ആത്മവിശ്വാസമല്ലാതെ.

സ്‌നേഹം…… ഡോ: ധര്‍മ്മരാജ് അടാട്ട്.

summary: A face book post by Zubair K.K, a native of Arikulam and a KAS officer, about the teacher who inspired him during his studies.