തൊട്ടില്‍പ്പാലത്ത് കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി വിവസ്ത്രയായി കെട്ടിയിട്ടു


വടകര: തൊട്ടില്‍പ്പാലത്ത് കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി വിവസ്ത്രയാക്കി കെട്ടിയിട്ടു. ആള്‍പാര്‍പ്പില്ലാത്ത കെട്ടിടത്തിലാണ് പെണ്‍കുട്ടിയെ കെട്ടിയിട്ടത്. പെണ്‍കുട്ടിയെ കണ്ടെത്തിയ വീട്ടില്‍ നിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎയും കണ്ടെടുത്തിട്ടുണ്ട്.

ഇന്നലെ വൈകിട്ടോടെയാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. ഇന്ന് രാവിലെയാണ് ബന്ധുക്കള്‍ തൊട്ടില്‍പ്പാലം പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ ഫോണ്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയായിരുന്നു. തൊട്ടില്‍പ്പാലത്ത് തന്നെയാണ് ഫോണ്‍ ഉള്ളതെന്ന് കണ്ടെത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ആളൊഴിഞ്ഞ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.

പൊലീസ് വാതില്‍ കുത്തിത്തുറന്നപ്പോള്‍ വിവസ്ത്രയായ നിലയില്‍ വീട്ടിനുള്ളില്‍ പെണ്‍കുട്ടിയെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. പ്രദേശത്തുതന്നെയുള്ള ലഹരിക്ക് അടിമയായ യുവാവാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. വിദ്യാര്‍ത്ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.