ലഭിച്ചത് ശുചിത്വത്തിനുള്ള അവാര്‍ഡ് തുക, വിനിയോഗിച്ചത് ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക്; ഹരിത നഗരം പദ്ധതിയുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് ആരോപണങ്ങള്‍ തള്ളി കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍മാന്‍
കൊയിലാണ്ടി: 2016 ഹരിത നഗരം പദ്ധതിക്ക് സര്‍ക്കാറില്‍ നിന്ന് ലഭിച്ച പത്തുലക്ഷം രൂപ ചെലവഴിച്ചതുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തള്ളി അന്നത്തെ ചെയര്‍മാനും നിലവിലെ വൈസ് ചെയര്‍മാനുമായ അഡ്വ. സത്യന്‍. ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് തുക ചെലവഴിച്ചതെന്ന് സത്യന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ശുചിത്വത്തിന് ലഭിച്ച അവാര്‍ഡ് തുകയാണത്. നഗരസഭ ആരോഗ്യസ്റ്റാന്റിഗ് കമ്മറ്റിയും ആരോഗ്യവിഭാഗവും തീരുമാനിച്ച പദ്ധതികള്‍ക്കാണ് തുക ചെലവഴിച്ചത്. 2016-17 കാലത്ത് അതുവരെ തെരുവുകളിലും വീടുകളിലും കെട്ടികിടന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും നഗരത്തെ ശുചിത്വമുള്ളതാക്കി മാറ്റുന്നതിനുമാണ് തുക ഉപയോഗിച്ചത്. മറിച്ചുള്ള പ്രസ്താവനകള്‍ രാഷ്ടീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു.
2016ല്‍ ഹരിത നഗരം പദ്ധതിക്ക് സര്‍ക്കാറില്‍ നിന്ന് ലഭിച്ച പത്ത് ലക്ഷം രൂപ നഗരസഭയുടെ അക്കൗണ്ടിലിടാതെ അന്നത്തെ ചെയര്‍മാന്റെ പേരിലുള്ള മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതില്‍ ദുരൂഹതയുണ്ടെന്നാണ് കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആരോപണം. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ട് പോലും ഈ തുക നഗരസഭയ്ക്ക് തിരികെ നല്‍കാത്തതില്‍ അഴിമതിയുണ്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
പ്രസ്തുത വിഷയത്തില്‍ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് നേതൃയോഗം ആവശ്യപ്പെട്ടിരുന്നു.