മാരകായുധങ്ങളുമായി രണ്ട് പേര്‍; അരിക്കുളത്ത് അടച്ചിട്ട വീട്ടില്‍ മോഷണ ശ്രമം, കള്ളന്‍ കയറുന്നത് നാലാം തവണ, സിസിടി.വി ദൃശ്യങ്ങള്‍ പുറത്ത്


അരിക്കുളം: അരിക്കുളത്ത് അടച്ചിട്ട വീട്ടില്‍ മോഷണ ശ്രമം. പാറക്കട്ടം ബസ് സ്റ്റോപ്പിന് സമീപം ഉണ്ണികൃഷ്ണന്റെ ഭാവുകം വീട്ടിലാണ് മോഷണ ശ്രമം നടന്നത്. വെളളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് സംഭവം. രണ്ട് വര്‍ഷത്തിനിടെ ഇവിടെ നാലാം തവണയാണ് കള്ളന്‍ കയറുന്നത്.

മുഖം മൂടി ധരിച്ച് കമ്പിപ്പാരയടക്കമുള്ള മാരകായുധങ്ങളുമായാണ് കള്ളമാര്‍ വീടിനകത്ത് കയറിയത്. ഉണ്ണികൃഷ്ണന്റെ കുടുംബം ഇപ്പോള്‍ പാലക്കാടാണ് താമസം. ആഴ്ചയില്‍ ഒരിക്കലാണ് ഉണ്ണികൃഷ്ണന്‍ ഭാവുകത്തില്‍ എത്താറുള്ളത്. ആളില്ലാത്ത സമയം നോക്കിയാണ് ഇവിടെ കള്ളന്‍ കയറുന്നത്.

കഴിഞ്ഞ മൂന്നു തവണയും കള്ളന്‍ കയറിയപ്പോള്‍ നിരവധി നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. വീടിന്റെ മുന്നിലെ വാതിലടക്കം മോഷ്ടാക്കള്‍ അടിച്ചു തകര്‍ത്തിരുന്നു. അന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും തെളിവുകള്‍ ഒന്നും ലഭിക്കാതിരുന്നതിനാല്‍ തുടരന്വേഷണം നടന്നിരുന്നില്ല.

സംഭവത്തില്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് വീട്ടുടമ. സി.സി.ടിവി ദൃശ്യങ്ങളടക്കം പോലീസിന് കൈമാറിയിട്ടുണ്ട്.