ബാലുശ്ശേരി എകരൂലില്‍ വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; ഒമ്പത് കിലോ കഞ്ചാവുമായി സ്ത്രീയടക്കം നാലുപേര്‍ പിടിയില്‍


കോഴിക്കോട്: ബാലുശ്ശേരി എകരൂല്‍ അങ്ങാടിക്ക് സമീപം മെയിന്‍ റോഡില്‍ വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന. സ്ത്രീയടക്കം നാലുപേര്‍ പിടിയില്‍. കണ്ണൂര്‍ അമ്പായത്തോട് പാറച്ചാലില്‍ അലക്്സ് വര്‍ഗീസ്( 24) സഹോദരന്‍ അജിത് വര്‍ഗീസ് (22), താമരശ്ശേരി തച്ചംപൊയില്‍ ഇ.കെ.പുഷ്പ എന്ന റജിന (40) രാരോത്ത് പരപ്പന്‍പൊയില്‍ സനീഷ്‌കുമാര്‍(38) എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.

ഒമ്പത് കിലോ കഞ്ചാവ് ഇവരില്‍ നിന്നും പൊലീസ് കണ്ടെടുത്തു. കൂടാതെ ഒരുലക്ഷത്തി പതിനാലായിരം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ പൊലീസ് വാടക വീട് റെയ്ഡ് ചെയ്യുകയായിരുന്നു. ബാലുശേരിയിലും സമീപ പ്രദേശങ്ങളിലും വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ കഞ്ചാവെത്തിക്കുന്ന സംഘമാണ് പിടിയിലായത്.

പ്രതികളില്‍ രണ്ടുപേര്‍ നേരത്തെ വിവിധ കേസുകളില്‍ പ്രകളാണെന്ന് പോലീസ് പറഞ്ഞു. റജിനയ്‌ക്കെതിരെ മറ്റുസംസ്ഥാനങ്ങളിലും കേസ് നിലവിലുണ്ടെന്നും പൊലിസ് പറഞ്ഞു.

വാടകവീട്ടില്‍വെച്ചും ഇവിടെനിന്നും കഞ്ചാവ് പുറത്തെത്തിച്ചുമാണ് ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതെന്നും പൊലീസ് പറഞ്ഞു. ഇവിടെ രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ എത്തുക പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. എസ്.ഐ പി.റഫീഖിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.