മുൻ കൊയിലാണ്ടി പഞ്ചായത്ത് പ്രസിഡന്റും സ്വാതന്ത്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എ. ഗോപാലൻകുട്ടി മേനോൻ അന്തരിച്ചു
കോഴിക്കോട്: സ്വാതന്ത്യസമര സേനാനിയും ഗാന്ധിയനും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എ. ഗോപാലൻകുട്ടി മേനോൻ അന്തരിച്ചു. 106 വയസായിരുന്നു. സംസ്കാരം ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ വെച്ച് നടക്കും.
കൊയിലാണ്ടിയിലെ അള്ളമ്പത്തൂർ ചുട്ടേത്ത് തറവാട്ടിൽ കണാരൻ നായർ ശ്രീദേവി അമ്മ ദമ്പതികളുടെ ഏഴ് മക്കളിൽ അഞ്ചാമനായിട്ടായിരുന്നു ജനനം. വിദ്യാർത്ഥിയായിരിക്കുമ്പോൾ സ്വാതന്ത്യസമരത്തിന്റെ ഭാഗമായി. അയിത്തോച്ചാടാനം, കള്ള് ഷാപ്പ് ഉപരോധം, ഹരിജനോദ്ധാരണം, ഹിന്ദി പ്രചാരണം, വിദേശവസ്ത്ര ബഹിഷ്ക്കരണം തുടങ്ങിയ ദേശസ്നേഹപരമായ പൊതുപ്രവർത്തനങ്ങളിൽ കുട്ടിക്കാലത്ത് തന്നെ മേനോൻ പങ്കെടുത്തു.
കറ കളഞ്ഞ മനുഷ്യ സ്നേഹി, സത്യസന്ധതയുടെ ആൾരൂപം, ലളിതമായ ജീവിത ശൈലി, ആരിലും മതിപ്പുളവാക്കുന്ന പെരുമാറ്റം അധികാര പദവികളിലും സ്ഥാനമാനങ്ങളിലും താൽപ്പര്യം പ്രകടിപ്പിക്കാത്ത പ്രകൃതം ഏത് പ്രതിസന്ധി ഘട്ടത്തിലും തളരാത്ത അടിയുറച്ച കമ്മ്യൂണിസ്റ്റ് തുടങ്ങി, എല്ലാ അർഥത്തിലും കുലീനനായ പൊതുപ്രവർത്തകനായിരുന്നു മേനോൻ. മുൻ പന്തലായിനി (ഇന്നത്തെ കൊയിലാണ്ടി) പഞ്ചായത്തിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു അദ്ദേഹം.
ഗാന്ധിജിയുടെ എളിമ ജീവിതം സ്വജീവിതത്തിൽ പകർത്തിയ മേനോൻ ഗാന്ധിയൻ കമ്മ്യൂണിസ്റ്റായി സത്യസന്ധനായി ജീവിച്ചു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി കോൺഗ്രസിലും സോഷ്യലിസ്റ്റ് പാർട്ടിയിലും പ്രവർത്തിച്ച മേനോൻ ഇരുപത്തി ഒന്നാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളരുമ്പോൾ മേനോൻ ദേശാഭിമാനി പത്രത്തിന്റെ മാനേജറായിരുന്നു. പൊതുപ്രവർത്തനത്തിനിടയിൽ പലപ്പോഴും ഭീകര മർദനത്തിനു വിധേയമാവുകയും ജയിൽവാസം അനുഷ്ഠിക്കേണ്ടിയും വന്നിട്ടുണ്ട്.
കോർപ്പറേഷൻ കൗൺസിലറും അധ്യാപികയുമായിരുന്ന പരേതയായ വി.എൻ. ഭാനുമതി ടീച്ചറാണു ഭാര്യ. മക്കൾ. വി.എൻ. ജയഗോപാൽ (മാതൃഭൂമി റിട്ട. ഡെപ്യൂട്ടി എഡിറ്റർ) വി.എൻ ജയന്തി ( യൂനൈറ്റഡ് ഇന്തൃ ഇൻഷ്യൂറൻസ് ) സഹോദരങ്ങൾ: പരേതരായ കുഞ്ഞു അമ്മ, ലക്ഷ്മിക്കുട്ടി അമ്മ, മാധവ മേനോൻ, അപ്പുക്കുട്ടി മേനോൻ, കല്യാണിക്കുട്ടി അമ്മ, മീനാക്ഷിക്കുട്ടി അമ്മ.