എലത്തൂർ ട്രെയിൻ ആക്രമണം: പ്രതി നോയിഡ സ്വദേശി ഷഹറുഖ് സെയ്ഫി പിടിയിലായതായി സൂചന
കൊയിലാണ്ടി: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസില്‍ തീയിട്ട സംഭവത്തില്‍ പ്രതിയെ പോലീസ് പിടികൂടിയതായി സൂചന. നോയിഡ സ്വദേശിയായ ഷെഹറുഖ് സെയ്ഫിയാണ് പിടിയിലായത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിയുടെ ഫോണിന്റെ ഐ.എം.ഇ.എ കോഡിൽ നിന്ന് ലഭിച്ച വിവരം അടിസ്ഥാനമാക്കി ഇയാൾ നോയിഡ സ്വദേശിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കണ്ണൂരിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയതെന്ന് മീഡിയാ വൺ വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തതു.
ട്രെയിനിൽ സഹയാത്രികർക്ക് നേരെ പെട്രോളൊഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് മൂന്നുപേർ മരണപ്പെടുകയും ഒമ്പതുപേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത് എന്നാണ് റിപ്പോർട്ടുകൾ.
പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്ന നിർണായക വിവരവും പൊലീസിന് ലഭിച്ചിരുന്നു. പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യം, ആക്രമണത്തിന് മാറ്റാരുടെയെങ്കിലും സഹായമുണ്ടായിരുന്നോ, വിഘടനാ സ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുണ്ടോയെന്നതടക്കമുള്ള വിവരങ്ങളാണ് ഇനി അറിയാനുള്ളത്.