നിസ്കാരത്തിന്റെ സാക്ഷാത്കാരം ഹൃദയ സാന്നിധ്യമാണ് റമദാൻ സന്ദേശം 07
പരിശുദ്ധ റമദാനിലെ രാവുകളിൽ മാത്രം പ്രത്യേകമായി നിസ്കരിക്കുന്ന ഇരുപതു റക്അത്ത് സുന്നത്ത് നിസ്കാരമാണ് തറാവീഹ്. രണ്ടു റക്അത്തുകൾ വീതമാണ് അത് നിർവഹിക്കേണ്ടത്. നാലു റക്അത്തുകൾ ഒരുമിച്ചു നിസ്കരിച്ചാൽ തറാവീഹ് സാധുവാകുകയില്ല.ഓരോ നാലു റക്അത്തുകൾ ക്കിടയിലും സ്വഹാബിമാർ അല്പനേരം വിശ്രമിക്കാറുണ്ടായിരുന്നു.അതുകൊണ്ടാണ് വിശ്രമിക്കുക എന്നർത്ഥം വരുന്ന തറാവീഹ് എന്ന പേര് ഈ നിസ്കാരത്തിന് നാമകരണം ചെയ്തിരിക്കുന്നത്.
സൃഷ്ടാവുമായി അവൻ്റെ സൃഷ്ടികൾ നടത്തുന്ന സംഭാഷണമാണല്ലോ നിസ്കാരം. അതുകൊണ്ടുതന്നെ നിസ്കാരത്തിൽ ഭയഭക്തിയും ഹൃദയ സാന്നിധ്യവും ഉണ്ടായിരിക്കൽ അനിവാര്യമാണ്.അല്ലാഹുവിനെ ഓർമിച്ചു കൊണ്ടും ഹൃദയം നിറയെ അവനോടുള്ള ഭയഭക്തിയോടെയുമാണ് നാം നിസ്കരിക്കേണ്ടത്. അങ്ങനെ നിസ്കരിക്കുമ്പോൾ നമുക്ക് മനസ്സമാധാനം കൈവരികയും നിസ്കാരത്തിൽ അതിയായ താല്പര്യമുണ്ടാവുകയും ചെയ്യുന്നു.
ഇമാം ഹസനുൽ ബസ്വരി (റ)പറയുന്നു; “ഹൃദയ സാന്നിധ്യം ഇല്ലാത്ത നിസ്കാരം പലപ്പോഴും ശിക്ഷ ലഭിക്കാൻ സാധ്യതയുള്ളതാണ്.കാരണം നിസ്കരിക്കുന്ന വ്യക്തി തന്റെ റബ്ബിനോട് സംഭാഷണം നടത്തുന്നവനാണല്ലോ.ഒരു വ്യക്തിയോട് സംസാരിക്കുമ്പോൾ അദ്ദേഹത്തെ ഗൗനിക്കാതെ മറ്റൊരാളോട് സംസാരിക്കുന്നത് ആ വ്യക്തിയെ നിസ്സാരവൽക്കരിക്കലാണല്ലോ. അതുകൊണ്ടു തന്നെ നിസ്കരിക്കുന്ന വേളയിൽ സത്യവിശ്വാസിയുടെ ചിന്തയിൽ ഏകനായ ഇലാഹ് മാത്രമായിരിക്കണം ഉണ്ടാവേണ്ടത്. അല്ലാതെ നാം നിസ്കാരത്തിലെ കർമ്മങ്ങൾ മാത്രം നിർവഹിക്കുന്നത് കൊണ്ട് അതു കേവലം പ്രതിഫലയോഗ്യമല്ലാത്ത പ്രകടനം മാത്രമായി മാറും.
നമുക്ക് മുമ്പേ ജീവിച്ചു പോയ സച്ചരിതരായ മഹാന്മാർ നിസ്കാരത്തിലേക്ക് പ്രവേശിച്ചാൽ അതിൽ മാത്രം മുഴുകുകയും ചുറ്റുപാടുള്ളത് മുഴുവനും മറക്കുകയും ചെയ്യുമായിരുന്നു.സത്യവിശ്വാസികളുടെ നിസ്കാരം ഇപ്രകാരമായിരിക്കണം.
കൂടുതൽ അറിയാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ.