വസൂരിമാലയടക്കം നിരവധി വരവുകള്‍, കൊഴുപ്പേകാന്‍ മട്ടന്നൂരിന്റെ മേളവും കലാപരിപാടികളും; വലിയവിളക്ക് ദിവസമായ വ്യാഴാഴ്ച കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ വൈവിധ്യത്തിന്റെ പെരുമഴ, ഇന്നത്തെ പരിപാടികള്‍ ഇങ്ങനെ


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായ വലിയവിളക്ക് ഉത്സവം ഇന്ന്. വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളാണ് വലിയവിളക്ക് ദിവസമായ വ്യാഴാഴ്ച ക്ഷേത്രത്തില്‍ അരങ്ങേറുക. സൂചി കുത്താന്‍ ഇടമില്ലാത്ത തരത്തിലുള്ള ജനത്തിരക്കാകും ഇന്ന് പിഷാരികാവിലും പരിസരങ്ങളിലും അനുഭവപ്പെടുക. വെള്ളിയാഴ്ചയാണ് കാളിയാട്ടം.

ഇന്നത്തെ കാഴ്ചശീവേലിക്ക് മേളരംഗത്തെ പ്രഗത്ഭരും പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ മക്കളുമായ മട്ടന്നൂര്‍ ശ്രീരാജും മട്ടന്നൂര്‍ ശ്രീകാന്തും നയിച്ച മേളം അരങ്ങേറി. മന്ദമംഗലത്തു നിന്നുള്ള ഇളനീര്‍ക്കുല വരവും വസൂരിമാല വരവും രാവിലത്തെ പ്രധാന ചടങ്ങുകളാണ്. വൈകുന്നേരം മൂന്ന് മണി മുതല്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇളനീര്‍ക്കുല വരവുകള്‍, തണ്ടാന്റെ അരങ്ങോലവരവ്, കൊല്ലത്ത് അരയന്റെ വെള്ളിക്കുടവരവ്, കൊല്ലന്റെ തിരുവായുധംവരവ്, മറ്റ് അവകാശവരവുകള്‍ എന്നിവ ക്ഷേത്രത്തിലെത്തിത്തുടങ്ങും.

വലിയവിളക്കിന്റെ മാറ്റ് കൂട്ടാനായി കലാപരിപാടികളും പിഷാരികാവിലുണ്ട്. വൈകുന്നേരം ആറരയ്ക്ക് കലൈവാണി പെര്‍ഫോമിങ് ആര്‍ട്‌സ് അവതരിപ്പിക്കുന്ന നൃത്തപരിപാടി അരങ്ങേറും. തുടര്‍ന്ന് ഏഴരയ്ക്ക് നെല്ല്യാടി ശ്രീരാഗം ആര്‍ട്‌സ് അവതരിപ്പിക്കുന്ന ചിലപ്പതികാരം വില്‍കലാമേള അരങ്ങേറും. കലാഭവന്‍ സരിഗയാണ് പരിപാടി നയിക്കുന്നത്. രാത്രി 8:45 ന് ഇടശ്ശേരിയുടെ പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്‌കാരമായ സെമിക്ലാസിക്കല്‍ ഫ്യൂഷന്‍ ഡാന്‍സും ഉണ്ടാകും.

രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് വലിയവിളക്ക് ദിവസത്തെ പ്രധാന ചടങ്ങായ പുറത്തെഴുന്നള്ളിപ്പ് നടക്കുക. സ്വര്‍ണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്ദകം പുറത്തെഴുന്നള്ളുമ്പോള്‍ ഗജവീരന്മാര്‍ അകമ്പടിയുണ്ടാകും. വാദ്യകലയിലെ പ്രഗത്ഭരായ കലാമണ്ഡലം ബലരാമന്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, വെള്ളിനേഴി ആനന്ദ്, വെള്ളിനേഴി രാംകുമാര്‍, കലാമണ്ഡലം ശിവദാസന്‍മാരാര്‍, മട്ടന്നൂര്‍ ശ്രീരാജ്, മട്ടന്നൂര്‍ ശ്രീകാന്ത്, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, വെളിയണ്ണൂര്‍ സത്യന്‍ മാരാര്‍, മട്ടന്നൂര്‍ അജിത്ത് മാരാര്‍, മട്ടന്നൂര്‍ ശ്രീജിത്ത് മാരാര്‍, മുചുകുന്ന് ശശിമാരാര്‍, കടമേരി ശ്രീജിത്ത് മാരാര്‍, കലാമണ്ഡലം സനൂപ്, ചീനംകണ്ടി പത്മനാഭന്‍, മാരായമംഗലത്ത് രാജീവ്, കാഞ്ഞിലശ്ശേരി അരവിന്ദന്‍ (കുറുംകുഴല്‍ പ്രമാണം), വരവൂര്‍ വേണു (കൊമ്പ് പ്രമാണം) എന്നിവരുടെ രണ്ട് പന്തിമേളത്തോടെയാണ് പുറത്തെഴുന്നള്ളിപ്പ്. ഒന്നാം പന്തിമേളത്തിന് കലാമണ്ഡലം ബലരാമനും രണ്ടാം പന്തിമേളത്തിന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും പ്രമാണിമാരാകും. അതിഗംഭീരമായ ആകാശവിസ്മയമായി കരിമരുന്ന് പ്രയോഗവും ഉണ്ടാകും. ക്ഷേത്ര പ്രദക്ഷിണം കഴിഞ്ഞ് പുലര്‍ച്ചെ വാളകം കൂടുന്നതോടെ വലിയ വിളക്കിന് സമാപനമാകും.