കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഇന്ന് ചെറിയ വിളക്ക്, തായമ്പകയും ഗാനമേളയും, ഒപ്പം വേറെയുമുണ്ട് പരിപാടികള്‍; വിശദമായി നോക്കാം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രോത്സവത്തിന്റെ ആറാം ദിവസമായ ഇന്ന് ചെറിയവിളക്ക്. രാവിലെ നടന്ന കാഴ്ച ശീവേലിയുടെ മേളത്തിന് ചെറുതാഴം ചന്ദ്രൻ മാരാർ നേതൃത്വം നല്കി. ശേഷം വണ്ണാന്റെ അവകാശ വരവ് കോമത്ത് പോക്ക് നടക്കും. തുടര്‍ന്ന് ഒമ്പതരയ്ക്ക് മാർക്കാണ്ഡേയ പുരാണം ഓട്ടന്തുള്ളല് അരങ്ങേറും.
വെെകീട്ട് നാല് മണിക്ക് പാണ്ഡിമേളസമേതനുള്ള കാഴ്ചശീവേലി. കലാമണ്ഡലം ശിവദാസൻ മാരാരാണ് പാണ്ഡിമേളം നയിക്കുന്നത്.
രാത്രി എട്ട് മണിക്ക് ക്ഷേത്രത്തില്‍ തൃത്തായമ്പക നടക്കും. ഗോപികൃഷ്ണ മാരാർ, കലാമണ്ഡലം അരുൺ കൃഷ്ണ മാരാർ എന്നിവരാണ് തൃത്തായമ്പകയില് അണിനിരക്കുക. രാത്രി ഏഴ് മണിക്ക് കലാദർശൻ കാലിക്കറ്റ് അവതരിപ്പിക്കുന്ന മെഗാ ഗാനമേള ക്ഷേത്രപരിസരത്ത് നടക്കും. പ്രശസ്ത സിനിമ പിന്നണി ഗായകൻ ദീപക് ജെ.ആർ, തെന്നിന്ത്യൻ സിനിമ പിന്നണി ഗായിക കീർത്തന ശബരീഷ്, ആതിര കൃഷ്ണൻ, സർഷാദ് പ്രവീൺ തുടങ്ങിയവരെ അണിനിരത്തിയാണ് ഗാനമേള.
വലിയവിളക്ക് ദിവസം വരെ ക്ഷേത്രത്തില്‍ ലളിതാസഹസ്രനാമ പാരായണം, കാഴ്ചശീവേലിക്ക് ശേഷം ഓട്ടന്തുള്ളല്, ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രകലകളായ ചാക്യാര്‍കൂത്ത്, സോപാനസംഗീതം, തായമ്പക, കേളിക്കൈ, കൊമ്പുപറ്റ്, കുഴല്‍പറ്റ്, പാഠകം പറയല്‍, രാവിലെയും വൈകീട്ടും കാഴ്ചശീവേലി എന്നിവ ഉണ്ടായിരിക്കും.
Summary: kollam pisharikavu temple kaliyatam