പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവാര്‍ത്ത; ഏഷ്യാനെറ്റ്‌ ന്യൂസിനെതിരെ പോക്സോ കേസെടുത്ത് വെള്ളയിൽ പോലീസ്


കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവാര്‍ത്ത ചെയ്‌തെന്ന പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ പോലീസ് കേസെടുത്തു. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റസിഡന്‍സ് എഡിറ്റര്‍ ഷാജഹാന്‍, വീഡിയോ ചിത്രീകരിച്ച റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ്, പെണ്‍കുട്ടിയുടെ അമ്മ എന്നിവര്‍ക്കെതിരെയാണ് വെള്ളയില്‍ പോലീസ് കേസെടുത്തത്.

പോക്സോ (ഐപിസി 119,21), വ്യാജരേഖ ചമക്കല്‍ (ഐപിസി 465), ക്രിമിനന്‍ ഗൂഢാലോചന (120 ബി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പി.വി അന്‍വര്‍ എം എല്‍ എയുടെ പരാതിയിലാണ് നടപടി.

2022 നവംബര്‍ 10ന് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടില്‍ പതിനാലുകാരിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്ന് തെളിയുകയായിരുന്നു. സഹപാഠികള്‍ ലൈംഗികമായി ചൂഷണംചെയ്യാറുണ്ടെന്നും പത്തിലധികം വിദ്യാര്‍ഥിനികള്‍ ചൂഷണത്തിനു വിധേയരായിട്ടുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ കണ്ണൂര്‍ ലേഖകന്‍ നൗഫല്‍ ബിന്‍ യൂസഫ് നടത്തിയ അഭിമുഖത്തില്‍ യൂണിഫോം ധരിച്ച വിദ്യാര്‍ഥിനി പറയുന്നുണ്ട്.