കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിശ്വനാഥന്‍ മരിക്കുന്നതിന് മുമ്പ് മൂന്നുതവണ പൊലീസിനെ വിളിച്ചു; ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്


കോഴിക്കോട്: ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ആദിവാസി യുവാവ് വിശ്വനാഥന്‍ പൊലീസ് സഹായം തേടിയതിന്റെ തെളിവുകള്‍ പുറത്ത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടിപ്പോവും മുമ്പ് വിശ്വനാഥന്‍ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് മൂന്നുതവണ വിളിച്ചിരുന്നെന്നാണ് പൊലീസ് കണ്ടെത്തിയത്.

മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ചോദ്യം ചെയ്ത ദിവസം അര്‍ദ്ധരാത്രിയാണ് വിശ്വനാഥന്‍ ഓടിപ്പോയത്. അന്ന് രാത്രി 12.05,12.06,12.09 എന്നീ സമയങ്ങളിലാണ് വിശ്വനാഥന്‍ വിളിച്ചത്. മൂന്നുതവണയും കോള്‍ പെട്ടെന്ന് കട്ടായി.

തിരുവന്തപുരത്തെ കണ്‍ട്രോള്‍ റൂമിലേക്കാണ് കോള്‍ എത്തിയത്. ആള്‍ക്കൂട്ടത്തില്‍ അപമാനിതനായതിനാല്‍ പോലീസ് സഹായം തേടി വിളിച്ചതാവാം എന്ന അനുമാനത്തിലാണ് പോലീസ്.

തൊട്ടടുത്ത ദിവസമാണ് വിശ്വനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് രാത്രി ആശുപത്രിയില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അറിയാമെന്ന് കരുതുന്ന രണ്ട് പേരെ കണ്ടെത്താന്‍ വയനാട്ടിലാണ് അന്വേഷണ സംഘം നിലവില്‍ ഉള്ളത്. വിശ്വനാഥന്‍ ഇവരുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

ഫെബ്രുവരി ഏഴിനാണ് വിശ്വനാഥന്റെ ഭാര്യയെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഒമ്പതാം തിയ്യതി രാത്രിയാണ് വിശ്വനാഥനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍വെച്ച് മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ചത്. അന്നുതന്നെ കാണാതായ വിശ്വനാഥനെ ഫെബ്രുവരി പതിനൊന്നാം തിയതി രാവിലെയാണ് മെഡിക്കല്‍ കോളേജിനു സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.