200 രൂപയ്ക്ക് പാട്ടുംകേട്ട് കോഴിക്കോട് നഗരം ചുറ്റാം; പക്ഷേ ഡബിള്‍ഡെക്കര്‍ യാത്ര ആസ്വദിക്കണമെങ്കില്‍ ഇനിയും കുറച്ചധികം കാത്തിരിക്കേണ്ടിവരും


കോഴിക്കോട്: ഡബിള്‍ഡെക്കര്‍ ബസില്‍ കോഴിക്കോട് നഗരം ചുറ്റിക്കാണാന്‍ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടിവരുമെന്ന് സൂചന. തിരുവനന്തപുരം മാതൃകയില്‍ ഇവിടെയും ഡബിള്‍ ഡക്കര്‍ ബസ് കൊണ്ടുവരാന്‍ ആലോചനയുണ്ടെങ്കിലും വിശദമായ പഠനം നടത്തിയശേഷമായിരിക്കും പദ്ധതി നടപ്പിലാക്കുക.

എന്നാല്‍ നഗരം ചുറ്റിക്കാണാന്‍ ആഗ്രഹിക്കുന്നവര്‍ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തും. ഈ സര്‍വ്വീസ് ഫെബ്രുവരി ഒന്നുമുതല്‍ ആരംഭിക്കും.

‘കോഴിക്കോടിനെ അറിയാന്‍ സാമൂതിരിയുടെ നാട്ടിലൂടെ ഒരുയാത്ര’ എന്ന പേരില്‍ ആരംഭിക്കുന്ന സര്‍വീസ് കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡില്‍നിന്ന് തുടങ്ങി പ്ലാനറ്റോറിയം, തളിക്ഷേത്രം, കുറ്റിച്ചിറ മിശ്കാല്‍ പള്ളി, കുറ്റിച്ചിറ കുളം, കോതി ബീച്ച്, നൈനാംവളപ്പ്, സൗത്ത് ബീച്ച്, ഗാന്ധി പാര്‍ക്ക്, ഭട്ട്റോഡ് ബീച്ച്, ഇംഗ്ലീഷ് പള്ളി, മാനാഞ്ചിറ സ്‌ക്വയര്‍ എന്നിവ വഴിയാണ് കടന്നുപോവുക. 200 രൂപയായിരിക്കും ചാര്‍ജ്.

ഉച്ചയ്ക്ക് ഒന്നുമുതലാണ് ഈ ബസ് സര്‍വ്വീസ് ആരംഭിക്കുക. രാത്രി എട്ടുവരെ നഗരം ചുറ്റിക്കാണാം. ദിവസവും ഒരു സര്‍വീസാണുണ്ടാവുക. ഓരോ സ്ഥലങ്ങളിലും ഇറങ്ങി കാണാനും ഫോട്ടോയെടുക്കാനും സൗകര്യമുണ്ടാകും. എന്നാല്‍, സര്‍വീസ് തുടങ്ങിയാല്‍ ഇടയ്ക്കുള്ള സ്റ്റോപ്പുകളില്‍വെച്ച് ബസില്‍ കയറാനാവില്ല. പാട്ടുകേട്ട് ഒരു വിനോദയാത്രയുടെ മൂഡില്‍ തന്നെയായിരിക്കും കെ.എസ്.ആര്‍.ടി.സി യാത്രയും. ഓര്‍ഡിനറി ബസ് സര്‍വീസില്‍ തന്നെ യാത്രയുടെ സാധ്യതകള്‍പഠിച്ച് അടുത്തഘട്ടത്തില്‍ കോഴിക്കോട് ബീച്ച്, സരോവരം തുടങ്ങി കൂടുതല്‍ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്.

കോഴിക്കോട്ടെ റോഡുകള്‍ ചെറുതായതിനാലാണ് ഡബിള്‍ ഡെക്കര്‍ സര്‍വ്വീസുകള്‍ കൊണ്ടുവരാന്‍ പ്രയാസമുള്ളതെന്ന് ബജറ്റ് ടൂറിസം സെല്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.കെ.ബിന്ദു പറഞ്ഞു. വീതികുറഞ്ഞ റോഡുകളിലൂടെ ബസിന് പോവാനാകുമോയെന്നും പരിശോധിക്കും. വൈദ്യുതലൈനുകള്‍ മരങ്ങള്‍ എന്നിവയില്‍ തട്ടാതെ ബസിന് പോവാനാകുമോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇതിനായി കെ.എസ്.ഇ.ബി, വനംവകുപ്പ് എന്നിവയുമായി ചര്‍ച്ചനടത്തുമെന്നും അവര്‍ പറഞ്ഞു. ഇതിനുശേഷമാവും ഡബിള്‍ ഡക്കറുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക.

മറ്റു ജില്ലകളില്‍നിന്ന് ട്രെയിനിലും മറ്റും നഗരത്തിലെത്തുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ നഗരംകാണാന്‍ അവസരമൊരുക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്നും ബിന്ദു പറഞ്ഞു. രാവിലെ 9.30 മുതല്‍ രാത്രി ഒമ്പതുവരെ 9544477954, 9846100728 എന്നീ നമ്പറുകളില്‍ ട്രിപ്പുകള്‍ മുന്‍കൂട്ടി ബുക്കുചെയ്യാം.