IPL Auction | കൊയിലാണ്ടിക്കാരൻ രോഹൻ കുന്നുമ്മലിനെ നോട്ടമിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും; താരം ഏത് ടീമിമൊപ്പമെന്നറിയാൻ ഇനി മണിക്കൂറുകൾ, പ്രതീക്ഷയോടെ നാട്


കൊയിലാണ്ടി: ഐപിഎല്‍ മിനിതാരലേലം കൊച്ചിയില്‍ നടക്കാനിരിക്കെ പ്രതീക്ഷയോടെ മലയാളി താരങ്ങളും. പത്ത് താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത കൊയിലാണ്ടിക്കാരൻ രോഹന്‍ കുന്നുമ്മല്‍ തന്നെയാണ് അതില്‍ പ്രധാനി. ലിസ്റ്റിലെ 33-ാം താരമാണ് രോഹൻ.

കേരളത്തിനു വേണ്ടി വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ റണ്‍സ് വാരിക്കൂട്ടി മുന്നേറുന്ന താരത്തെ പല ഫ്രാഞ്ചൈസികളും നോട്ടമിട്ടു കഴിഞ്ഞു. 20 ലക്ഷം രൂപയാണ് രോഹന്റെ അടിസ്ഥാന വിലയെങ്കിലും ഇതു കോടികള്‍ക്കു മുകളില്‍ പോയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ താരം നടത്തിയ മിന്നുന്ന പ്രകടനം തന്നെയാണ് ഡിമാന്റ് വര്‍ധിപ്പിക്കുന്ന ഘടകം. ലേലത്തില്‍ രോഹന്റെ സാധ്യതകള്‍ പരിശോധിക്കാം.

ഓപ്പണിങ് ബാറ്ററായ രോഹൻ സമീപകാലത്ത് ഗംഭീര ഫോമിലാണ്. കഴിഞ്ഞ രഞ്ജിസീസണിലും ദുലീപ് ട്രോഫിയിലും തിളങ്ങിയ രോഹനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും രംഗത്തിറങ്ങുമെന്നാണ് സൂചന. ഇന്ത്യക്കാരനായ ഓപ്പണിങ് ബാറ്ററുടെ അഭാവം കൊൽക്കത്തയ്ക്കുണ്ട്. ഇതാണ് രോഹന് അനുകൂലമാകുന്ന ഘടകം. രാജസ്ഥാനും ചെന്നൈയും ഇന്ത്യൻ ബാറ്റർമാരെ തേടുന്നുണ്ട്.

സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ് രോഹന്‍ കുന്നുമ്മലിനെ ലേലത്തില്‍ വാങ്ങാന്‍ ഏറ്റവുമധികം സാധ്യതയുള്ള ടീമുകളിലൊന്ന്. സഞ്ജുവിന്റെ സാന്നിധ്യം തന്നെയാണ് ഇതിനു കാരണം. നിലവില്‍ റോയല്‍സ് ടീമില്‍ സഞ്ജുവടക്കം രണ്ടു മലയാളി താരമുണ്ട്. മറ്റൊരാള്‍ മറുനാടന്‍ മലയാളി ബാറ്റര്‍ ദേവ്ദത്ത് പടിക്കലാണ്. ഇവര്‍ക്കൊപ്പം രോഹന്‍ കൂടി ചേരുന്നതോടെ റോയല്‍സിന്റെ മലയാളി ടച്ച് വര്‍ധിക്കും.

രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ രോഹന്‍ കുന്നുമ്മല്‍ ഇതിനകം ട്രയല്‍സില്‍ പങ്കെടുത്തു കഴിഞ്ഞു. ഇതിനു വഴിയൊരുക്കിയതാവട്ടെ നായകന്‍ സഞ്ജു സാംസണായിരുന്നു. റോയല്‍സിനായി ട്രയല്‍സില്‍ മികച്ച പ്രകടനം നടത്താന്‍ രോഹനു കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ലേലത്തില്‍ അദ്ദേഹത്തിനായി റോയല്‍സ് മുന്‍നിരയില്‍ തന്നെയുണ്ടാവുമെന്നുറപ്പാണ്.

രാജസ്ഥാന്‍ റോയല്‍സില്‍ മാത്രമല്ല കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സിലും രോഹന്‍ കുന്നുമ്മല്‍ ട്രയസില്‍ പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ താരത്തിന്റെ ബാറ്റിങ് പാടവം അവര്‍ക്കും ബോധ്യമായിക്കഴിഞ്ഞു. മറ്റു ചില ഫ്രാഞ്ചൈസികളും ട്രയല്‍സിനായി തന്നെ ക്ഷണിച്ചിരുന്നുവെന്നാണ് രോഹന്‍ പറഞ്ഞിരിക്കുന്നത്. പക്ഷെ കേരള ടീമിനൊപ്പമുള്ള മത്സരങ്ങള്‍ കാരണം തനിക്കു അതിനു സാധിച്ചില്ലെന്നും താരം വെളിപ്പെടുത്തിയിരുന്നു. റോയല്‍സിനൊപ്പം, കെകെഎര്‍, ഡിസി ടീമുകളും ലേലത്തില്‍ തീര്‍ച്ചയായും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


രോഹന്‍ കുന്നുമ്മലിനെ സംബന്ധിച്ച് ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും മികച്ച വര്‍ഷം തന്നെയാണിത്. 2021-22 സീസണിലെ രഞ്ജി ട്രോഫി ഗ്രൂപ്പുഘട്ടത്തില്‍ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളിലാണ് താരം സെഞ്ച്വറി കുറിച്ചത്. ഇവയ്ക്കു പിന്നാലെ കളിച്ച ദുലീപ് ട്രോഫി അരങ്ങേറ്റത്തില്‍ സൗത്ത് സോണിനു വേണ്ടിയും സെഞ്ച്വറി കണ്ടെത്തി. പക്ഷെ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ രോഹന്റെ പ്രകടനം അത്ര ഗംഭീരമായിരുന്നില്ല. എട്ടു ഇന്നിങ്‌സുകളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 201 റണ്‍സാണ് താരം നേടിയത്.എന്നാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ രോഹന്‍ ഇതിന്റെ ക്ഷീണം തീര്‍ത്തു. ഗോവയ്‌ക്കെതിരേ ലിസ്റ്റ് എ ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി (134) കുറിച്ചു. ബിഹാറിനെതിരേ 75 ബോളില്‍ 107 റണ്‍സും സ്‌കോര്‍ ചെയ്തു. ഏഴു ഇന്നിങ്‌സുകളില്‍ നിന്നും 414 റണ്‍സോടെ ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ടോപ്‌സ്‌കോററായിരുന്നു രോഹന്‍. ടി20 കരിയറെടുക്കുകയാണെങ്കില്‍ കേരളത്തിനായി 19 ടി20കളിലാണ് ഇതുവരെ കളിച്ചിട്ടുള്ളത്. ഇവയില്‍ 119.32 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തിരിക്കുന്നത്.

രോഹന് പുറമേ ബാറ്റർമാരായ സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ്, ഷോൺ റോജർ, പി.എ. അബ്ദുൽ ബാസിത്ത് എന്നിവരും ബൗളർമാരായ കെ.എം. ആസിഫ്, ബേസിൽ തമ്പി, എസ്. മിഥുൻ, വൈശാഖ് ചന്ദ്രൻ എന്നിവരുമാണ് ലേലത്തിനുള്ളത്. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ലേലത്തിന് തുടക്കമാവുക. ആകെ 405 താരങ്ങള്‍ ലേലത്തിനുണ്ട്. ഇതില്‍ പത്ത് ടീമുകള്‍ക്ക് വേണ്ടത് 87 പേരെ.

summary: