ബേപ്പൂര്‍ ഫെസ്റ്റ് പ്രചാരണത്തോട് അനുബന്ധിച്ച് റീല്‍സ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (12/12/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

പരിശീലന ക്ലാസ്

വേങ്ങേരി അഗ്രിഫെസ്റ്റിനോടനുബന്ധിച്ച് കൂണ്‍കൃഷി, മത്സ്യകൃഷി, അടുക്കളത്തോട്ട നിര്‍മ്മാണം, കിഴങ്ങ് വര്‍ഗ്ഗ സംസ്‌ക്കരണം, തേനീച്ച കൃഷി, ചക്കയുടെ സംസ്‌ക്കരണം തുടങ്ങിയ വിഷയങ്ങളില്‍ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 23,24,26,27,28,29,30 തീയ്യതികളില്‍ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ അഞ്ചു മണി വരെ വേങ്ങേരി കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തിലാണ് പരിശീലന ക്ലാസ്സ്. താത്പര്യമുള്ള കര്‍ഷകര്‍ 9846197067 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ഗതാഗതം നിരോധിച്ചു

കോഴിക്കോട് മാവൂര്‍ റോഡില്‍ വെളളിപറമ്പയില്‍ ചെയിനേജ് 9/990 ലെ പഴയ കള്‍വെര്‍ട്ടിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 13 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതു വഴിയുളള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കുന്നതായി എക്‌സിക്യൂട്ടീവ് എഞ്ചീനീയര്‍ അിറയിച്ചു.

പരിശീലനം നൽകുന്നു

കോഴിക്കോട് വേങ്ങേരി കാര്‍ഷിക മൊത്ത വ്യാപാര കേന്ദ്രത്തിലെ കേരള കാര്‍ഷിക സര്‍വകലാശാല കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തില്‍ ഡിസംബര്‍ 16 ന് പച്ചക്കറി വിളകളിലെ തൈകളുടെ ഉത്പാദനവും സംയോജിത കീടരോഗ നിയന്ത്രണവും’ എന്ന വിഷയത്തില്‍ 30 കര്‍ഷകര്‍ക്ക് പരിശീലനം നടത്തുന്നു. രാവിലെ 10 മുതല്‍ നാലുവരെയാണ് ക്ലാസ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി താല്‍പര്യമുള്ള കര്‍ഷകര്‍ പേര് രജിസ്റ്റര്‍ ചെയ്യണം.ഫോൺ : 04952935850, 9188223584

മൂല്യ വര്‍ദ്ധിത കാര്‍ഷിക മിഷനില്‍ ഒഴിവ്

സംസ്ഥാനത്ത് കൃഷി വകുപ്പ് ആരംഭിക്കുന്ന മൂല്യവര്‍ദ്ധിത കാര്‍ഷിക പദ്ധതി ആവിഷ്‌കരണ ടീമില്‍ പങ്കെടുക്കാനുള്ള പ്രൊഫഷണലുകളെ ഹ്രസ്വകാല ഡെപ്യൂട്ടേഷന്‍/കരാറില്‍ നിയമിക്കുന്നു. കൃഷി/ എന്‍ജിനീയറിംഗില്‍ ബിരുദവും. ബിരുദാനന്തര ബിരുദവും, ഡോക്ടറല്‍ ബിരുദവുമുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സര്‍വകലാശാലകളിലോ നിയമിതരായിട്ടുള്ളവര്‍ https://forms.gle/39NsnF3pFcDrcxDR6
ഈ ലിങ്ക് വഴി ഓണ്‍ലൈന്‍ ഫോമില്‍ വിശദാംശങ്ങള്‍ ഡിസംബര്‍ 15 നകം നല്‍കണം.

പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

പുതിയ സംരംഭം തുടങ്ങാൻ താത്പര്യപ്പെടുന്ന സംരംഭകർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് (കെ ഐ ഇ ഡി), 20 ദിവസത്തെ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് പരിശീലനം ഓൺലൈനായി സംഘടിപ്പിക്കുന്നു. 2022 ഡിസംബർ 15 മുതൽ 2023 ജനുവരി 06 വരെ സൂം പ്ലാറ്റ്ഫോമിലാണ് പരിശീലനം. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 1180 രൂപ (ജി എസ് ടി ഉൾപ്പടെ) കോഴ്സ് ഫീ അടച്ച് വെബ്സൈറ്റായ www.kied.info മുഖേന ഡിസംബർ 14 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2550322, 2532890, 7012376994

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അഥവാ തത്തുല്യ യോഗ്യത ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനായി എയര്‍പോര്‍ട്ട് മാനേജ്ന്റ് രംഗത്തുളള ഏജന്‍സികളുടെ സഹകരണം ലഭ്യമാകും. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍, തിരുവനന്തപുരം-33, ഫോണ്‍ 9846033001

തൈകള്‍ വില്‍പ്പനക്ക്

മാത്തോട്ടം വനശ്രീ കോംപ്ലക്‌സിലെ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനില്‍ നിന്നും ഒരു വര്‍ഷം പ്രായമായ വിവിധതരം തൈകള്‍ വില്‍പ്പനക്ക്. സ്ഥാപനങ്ങള്‍ , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യക്തികള്‍, തുടങ്ങി എല്ലാവര്‍ക്കും തൈകള്‍ ലഭിക്കും. തൈകള്‍ ഒന്നിന് 61 രൂപയാണ് വില. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495-2416900, 8547603816

സിറ്റിംഗ് നടത്തുന്നു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് ഡിംസബര്‍ 15ന് വാണിമല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് നടത്തുന്നു. രാവിലെ 11 മണി മുതല്‍ ആരംഭിക്കുന്ന സിറ്റിംഗില്‍ കോഴിക്കോട് ജില്ലാ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്‌സ്മാന്‍ വി. പി. സുകുമാരന്‍ പരാതികള്‍ കേള്‍ക്കും. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ ഓംബുഡ്‌സ്മാന് നേരിട്ട്
സമര്‍പ്പിക്കാവുന്നതാണ്.

 ട്രെയിനികളെ നിയമിക്കുന്നു

മത്സ്യഫെഡ് ഔട്ട് ബോര്‍ഡ് മോട്ടോര്‍ സര്‍വിസ് സെന്ററുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി കൊയിലാണ്ടിയിലെ ഒബിഎം സര്‍വ്വീസ് സെന്ററിലേക്ക് ട്രെയിനികളെ നിയമിക്കുന്നു. ആറു മാസത്തേക്കാണ് നിയമനം. മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നുള്ള ഐടിഐ (വിഎച്ച്എസ്.ഇ) യോഗ്യതയുളള യുവാക്കളായിരിക്കണം. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 20 ന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് വെളളയില്‍ പോലീസ് സ്റ്റേഷന് സമീപമുളള മത്സ്യഫെഡ് ജില്ലാ ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0495 2380344

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയുടെ ഭാഗമായി ഡി ഡി യു ജി കെ വൈ മണപ്പുറം ഫൗണ്ടേഷന്‍ ആരംഭിക്കുന്ന ഹസ്വകാല കോഴ്‌സിന്റെ അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കണ്ണൂര്‍, കോഴിക്കോട്, വയനാട് ,കാസറഗോഡ് ജില്ലകളിലെ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന എസ്.സി, എസ്.ടി ക്രിസ്ത്യന്‍, മുസ്ലീം വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18- 27. മലപ്പുറം മഞ്ചേരിയിലാണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് . 9072668543, 9072600013.

വാഹനം ആവശ്യമുണ്ട്

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കോഴിക്കോട് ജില്ലാ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പുതിയ വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു വര്‍ഷത്തില്‍ താഴെ പഴക്കമുളളതോ 25000 കി.മീ പരിധിക്കുള്ളിലുള്ള 7 സീറ്റര്‍ എ.സി യൂട്ടിലിറ്റി (കാരന്‍സ്,എര്‍ട്ടിഗ, മരാസോ, ഇന്നോവ, ബോലേറോ) വാഹനങ്ങളായിരിക്കണം. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ഡിസംബര്‍ 31 ന് മൂന്നു മണിവരെ.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 04952300745, 8848595728.

സുനാമി റെഡി പ്രോഗ്രാം : ഏകദിന ബോധവത്ക്കരണ പരിശീലനം സംഘടിപ്പിച്ചു

കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും മുനിസിപ്പൽ കോർപ്പറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സുനാമി റെഡി പ്രോഗ്രാം ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഢി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കലക്ടർ ഇ.അനിത കുമാരി അധ്യക്ഷത വഹിച്ചു. കെ.എസ്.ഡി.എം.എ, ഐ.എൻ.സി.ഒ.ഐ.എസ് എന്നിവരുടെ സഹകരണത്തോടെ ജില്ലയിലെ നഗരം വില്ലേജിലാണ് ഏകദിന ബോധവത്ക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചത്.

കെ എസ് ഡി എം എ ഓഷ്യാനോഗ്രഫി ഹസാർഡ് അനലിസ്റ്റ് ഡോ. ആൽഫ്രഡ് ജോണി, കോഴിക്കോട് ഹസാർഡ് അനലിസ്റ്റ് പി അശ്വതി, എൻ സി ആർ എം പി ജില്ലാ കോർഡിനേറ്റർ കെ.വി റംഷിന എന്നിവരാണ് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കും സ്കൂൾ,കോളേജ് തല വിദ്യാർത്ഥികൾക്കും പരിശീലനം നൽകിയത്.

കൗൺസിലർമാരായ എസ്.കെ അബൂബക്കർ, മൊയ്തീൻ കോയ, എം എം എച്ച്‌ എസ് എസ് ഹെഡ്മാസ്റ്റർ സി.സി ഹസ്സൻ തുടങ്ങിയവർ സംസാരിച്ചു. തഹസിൽദാർ എ.എം പ്രേംലാൽ സ്വാഗതവും പിടിഎ വൈസ് പ്രസിഡന്റ് മുഷ്താഖ് അലി നന്ദിയും പറഞ്ഞു.

ബേപ്പൂര്‍ ഫെസ്റ്റ് പ്രചാരണം; മികച്ച വ്‌ലോഗര്‍മാരെ കാത്ത് സമ്മാനം

ഡിസംബര്‍ 24 മുതല്‍ 28 വരെ ബേപ്പൂരില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി വ്‌ലോഗിങ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 20 മുതല്‍ 26 വരെ ബേപ്പൂരും പരിസരങ്ങളുമായി ബന്ധപ്പെട്ട വിശേഷങ്ങളും കാഴ്ച്ചകളും വിവരിക്കുന്ന വ്‌ലോഗുകളാണ് മത്സരത്തിന് പരിഗണിക്കുക. കൂടുതല്‍ കാഴ്ച്ചക്കാരും ലൈക്കും ഷെയറും ലഭിക്കുന്ന മികച്ച വ്‌ലോഗിന് സമ്മാനങ്ങള്‍ നല്‍കും. വ്‌ലോഗിൻ്റെ ലിങ്കുകൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് ഡിസംബര്‍ 26 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി അയച്ച് നല്‍കണം.

ബേപ്പൂര്‍ ഫെസ്റ്റ്: ഫുഡ് ആന്റ് ഫ്‌ളി മാർക്കറ്റിലേക്കുള്ള സ്റ്റാള്‍ അപേക്ഷകൾ ക്ഷണിച്ചു

ഡിസംബര്‍ 24 മുതല്‍ 28 വരെ ബേപ്പൂരില്‍ നടക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി ഫുഡ് ആന്റ് ഫ്‌ളി മാര്‍ക്കറ്റിലേക്ക് സ്റ്റാള്‍ ഒരുക്കുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ [email protected] എന്ന മെയിൽ ഐഡിയിലേക്കാണ് അയക്കേണ്ടത്. നേരിട്ട് നൽകുന്ന അപേക്ഷകള്‍ ബേപ്പൂർ ഹാർബർ എഞ്ചീനീയറിങ്ങ് ഓഫീസിൽ പ്രവർത്തിക്കുന്ന ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ സംഘാടക സമിതി ഓഫീസിൽ എത്തിക്കണ. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 7012493237

ബേപ്പൂര്‍ ഫെസ്റ്റ് പ്രചാരണം; റീല്‍സ് മത്സരങ്ങള്‍ സംഘടിപ്പിക്കും

ഡിസംബര്‍ 24 മുതല്‍ 28 വരെ ബേപ്പൂരില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി റീല്‍സ് മത്സരങ്ങള്‍ സംഘടിപ്പിക്കും. ഇന്‍സ്റ്റഗ്രാം, യൂ ട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ ബേപ്പൂരും പരിസരങ്ങളുമായി ബന്ധപ്പെട്ട വിശേഷങ്ങളും കാഴ്ച്ചകളും വിവരിക്കുന്ന റീല്‍സുകളാണ് മത്സരത്തിന് പരിഗണിക്കുക. ഏറ്റവും കൂടുതല്‍ കാഴ്ച്ചക്കാരും ലൈക്കും ഷെയറും ലഭിക്കുന്ന റീല്‍സിന് സമ്മാനങ്ങളും ലഭിക്കും.
റീൽസിൻ്റെ ലിങ്കുകൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് ഡിസംബര്‍ 26 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി അയച്ച് നല്‍കണം.

ജില്ലയിൽ മഴ മുന്നറിയിപ്പ് – മലയോര മേഖലകളിൽ രാത്രി യാത്രക്ക് നിയന്ത്രണം

ഇന്നും (ഡിസംബർ 12) നാളെയും (ഡിസംബർ 13) ശക്തമായ മഴ ഉണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിൽ ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കനത്ത മഴയോടൊപ്പം മൂടൽ മഞ്ഞും അനുഭവപ്പെടുന്ന മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രി യാത്ര അടിയന്തിര സാഹചര്യങ്ങളിലല്ലാതെ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

ജില്ലയിലുടനീളം പ്രത്യേകിച്ചും ജില്ലയിലെ മലയോരമേഖലകളിൽ ശക്തമായ മഴ പെയ്യുന്നതു കാരണം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതിനും, മലയോര പാതകളിൽ അപകടങ്ങൾക്കും സാധ്യതയുണ്ട്. അതിനാൽ തീര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി അറിയിച്ചു.

ജെഎൽജി സംഗമം നടത്തി

മുക്കം നഗരസഭ കുടുംബശ്രീ സിഡിഎസ്, ജെ എൽ ജി അംഗങ്ങളുടെ സംഗമം നടത്തി. കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നഗരസഭ കുടുംബശ്രീ സിഡിഎസ് സംഘടിപ്പിക്കുന്ന രജതോത്സവം’22 ന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

സംഘകൃഷിയിൽ ഏർപ്പെടുന്നതിനായി, കൃഷിയിൽ താൽപര്യമുള്ള അയൽക്കൂട്ട വനിതകളെ ഉൾപ്പെടുത്തി രൂപീകരിച്ച ഗ്രൂപ്പുകളാണ് ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ (ജെ എൽ ജി) അഥവാ സംഘകൃഷി ഗ്രൂപ്പുകൾ.

നഗരസഭ ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ വി കുഞ്ഞൻ സംഗമം ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ രജിത സി.ടി അധ്യക്ഷത വഹിച്ചു. നൂതന കൃഷി രീതികൾ എന്ന വിഷയത്തിൽ കൃഷി അസിസ്റ്റന്റ് ഹരി ക്ലാസെടുത്തു. കൗൺസിലർമാരായ ജോഷില, വിശ്വനാഥൻ നികുഞ്ജം, ബിജുന, സിറ്റി മിഷൻ മാനേജർ മുനീർ എംപി, സ്നേഹിത സർവീസ്പ്രൊവൈഡർ രഞ്ജുഷ എന്നിവർ സംസാരിച്ചു. സിഡിഎസ് മെമ്പർ ശ്രീതി സി.ടി സ്വാഗതവും ബിന്ദു കെ.പി നന്ദിയും പറഞ്ഞു. സംഘകൃഷി ഗ്രൂപ്പുകൾ ഉൽപ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികൾ ലഭ്യമാകുന്ന അഗ്രി കിയോസ്ക് ഡിസംബർ 24 മുതൽ മുക്കം ഇഎംഎസ് ബിൽഡിംഗിൽ പ്രവർത്തനം ആരംഭിക്കും.

 ക്യാമ്പസ് ഓഫ് കോഴിക്കോട്; ജില്ലാതല ആസൂത്രണ യോഗം സംഘടിപ്പിച്ചു

ക്യാമ്പസ് ഓഫ് കോഴിക്കോട് പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനായി കോളേജ് യൂണിറ്റുകൾക്ക് നേതൃത്വം നൽകുന്ന അധ്യാപക – വിദ്യാർത്ഥി കോർഡിനേറ്റർമാരുടെ ജില്ലാതല യോഗം ചേർന്നു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി പദ്ധതി വർഷത്തെ പ്രവർത്തന മേഖലകൾ അവതരിപ്പിച്ചു.

പൊതുസ്വത്തുക്കളുടെ സംരക്ഷണം പൊതുസമൂഹത്തിന്റെ ബാധ്യതയാണെന്ന് കൃത്യമായി ബോധവത്കരിക്കേണ്ടതുണ്ട്. പൊതുസ്വത്തുക്കളുടെ പരിപാലനത്തിൽ സമൂഹത്തിന്റെ ശ്രദ്ധ കൊണ്ട് വരുന്നതിൽ കോളേജുകൾക്ക് മികച്ച പങ്ക് വഹിക്കാനാകുമെന്നും കലക്ടർ പറഞ്ഞു.

ലഹരി വിരുദ്ധ അവബോധം, ജല വിഭവ സാക്ഷരത, പാർശ്വവൽകൃത വിഭാഗങ്ങളുടെ ക്ഷേമം, ഊർജ്ജ സംരക്ഷണം, മാലിന്യ നിർമാർജ്ജനം, വനിതാ ശിശു വികസനം, ഇ – സാക്ഷരത, മാനസിക – ശാരീരിക ആരോഗ്യ സംരക്ഷണം, ദുരന്ത നിവാരണം, നിയമാവബോധം എന്നിവയാണ്‌ ഈ വർഷം ഊന്നൽ നൽകുന്ന പ്രവർത്തി മേഖലകൾ.

കോഴിക്കോട് നോർത്ത് ഏരിയ കോർഡിനേറ്ററായി കുന്ദമംഗലം ഗവ. കോളേജിലെ ബഷീർ അഹ്മദ്, കോഴിക്കോട് സൗത്ത് ഏരിയ കോർഡിനേറ്ററായി ഹോളി ക്രോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിലെ ജിതിൻ,വടകര ഏരിയ കോർഡിനേറ്ററായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എഡ്യുക്കേഷൻ സെന്ററിലെ ഡിനീഷ് എന്നിവരെ നിശ്ചയിച്ചു.

സുനാമി: നൈനാം വളപ്പിൽ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു

ജില്ലയിൽ സുനാമി ഉണ്ടാവുകയാണെങ്കിൽ അത് നേരിടുന്നതുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത പരിശോധിക്കാനും വകുപ്പുകളുടെ ഏകോപനം സംബന്ധിച്ച തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനുമായി നൈനാം വളപ്പിൽ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു.
റവന്യു, പൊലിസ്, ഫയര്‍ഫോഴ്‌സ്, കെ.എസ്.ഇ.ബി, ഇറിഗേഷൻ, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തിലാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്.

ഡെപ്യൂട്ടി കലക്ടർ അനിത കുമാരി, തഹസിൽദാർമാരായ എ.എം പ്രേംലാൽ, സി ശ്രീകുമാർ, നഗരം വില്ലേജ് ഓഫീസർ വപീത് കുമാർ, കെ എസ് ഡി എം എ ഓഷ്യാനോഗ്രഫി ഹസാർഡ് അനലിസ്റ്റ് ഡോ.ആൽഫ്രഡ് ജോണി, ഫയർ ഓഫീസർ പി സതീഷ്, ചെമ്മങ്ങാട് പോലീസ് സി ഐ പി രാജേഷ്, കോഴിക്കോട് ഹസാർഡ് അനലിസ്റ്റ് പി അശ്വതി, എൻ സി ആർ എം പി ജില്ലാ കോർഡിനേറ്റർ കെ വി റംഷിന തുടങ്ങിയവർ പങ്കെടുത്തു.

സെമിനാർ സംഘടിപ്പിച്ചു

കിലെയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന സ്ത്രീകൾക്കായി സെമിനാർ സംഘടിപ്പിച്ചു.”തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം സാധ്യതകളും വെല്ലുവിളികളും” എന്ന വിഷയത്തിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി ഉദ്ഘാടനം ചെയ്തു.

തൊഴിലിടങ്ങളിൽ മാറി വരുന്ന നിയമങ്ങൾ മനസിലാക്കി, ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സാധിക്കണം. കൂടാതെ സ്ത്രീക്കും പുരുഷനും തൊഴിലിടങ്ങളിൽ തുല്യത ഉറപ്പുവരുത്തണമെന്നും അവർ പറഞ്ഞു.

ചടങ്ങിൽ കിലെ ചെയർമാൻ കെ.എൻ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പ്രൊഫ.ഡോ കവിത ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ കിലെ പ്രോജക്റ്റ് കോ ഓഡിനേറ്റർ ജാസ്മി ബീഗം, എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ടി.കെ രാജൻ, റിസർച്ച് കോ ഓർഡിനേറ്റർ ഡോ.റഫീക്ക ബീവി എം, തുടങ്ങിയവർ പങ്കെടുത്തു.

പരിശീലന പരിപാടി സംഘടിപ്പിച്ചു

ജില്ലാ- താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞവുമായി ബന്ധപ്പെട്ട് ജില്ലാ ഇലക്ട്രൽ ലിറ്ററസി ക്ലബ്‌ കോ – ഓർഡിനേറ്റർമാർക്കും ക്യാമ്പസ് അംബാസിഡർമാർക്കുമായി പരിശീലന പരിപാടി സംഘടിപ്പിച്ചു.

ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്. ഇരുപതിലധികം കോളേജുകളിൽ നിന്നുള്ള പ്രതിനിധികൾ പരിപാടിയുടെ ഭാഗമായി. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ.ഹിമ പരിപാടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് താലൂക്ക് തഹസിൽദാർ പ്രേംലാൽ അധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി തഹസിൽദാർ പി.എസ് വിജയൻ, ജില്ലാ ഇ.എൽ.സി മാസ്റ്റർ ട്രെയിനർമാരായ ജഹാഷ് അലി, രജീഷ് എന്നിവർ ക്ലാസ്സെടുത്തു. കോഴിക്കോട് താലൂക്ക് ഇലക്ഷൻ ഡെപ്യൂട്ടി താഹസിൽദാർ ബാബുരാജ്, സീനിയർ ക്ലർക്ക് സാജൻ ലാൽ, ക്ലർക്കുമാരായ നിജുബാൽ, പ്രവീൺ പട്ടോത്ത് എന്നിവർ സംബന്ധിച്ചു.

പ്രകൃതി ചികിത്സാ ദിനാചരണം സംഘടിപ്പിച്ചു

അഞ്ചാമത് ദേശീയ പ്രകൃതി ചികിത്സാ ദിനാചരണത്തോട് അനുബന്ധിച്ച് നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ യോഗാ പ്രദര്‍ശനവും പ്രകൃതി ഭക്ഷണവിതരണവും സംഘടിപ്പിച്ചു. കലക്ട്രേറ്റ് ഓഫീസ് പരിസരത്ത് നടന്ന പരിപാടിയില്‍ പ്രകൃതി ഭക്ഷണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. തേജ് ലോഹിത് റെഡ്ഡി നിര്‍വഹിച്ചു.

ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച യോഗാ പ്രദര്‍ശന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഭാരതീയ ചികിത്സാ വകുപ്പ് ഡിഎംഒ ഡോ. മന്‍സൂര്‍ കെ.എം നിര്‍വഹിച്ചു. ഹോമിയോ വകുപ്പ് ഡിഎംഒ ഡോ. കവിതാ പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. ദേശീയ ആയുഷ് മിഷന്‍ ജില്ലാ മേധാവി ഡോ.അനീന പി. ത്യാഗരാജ് പ്രകൃതി ചികിത്സാ ദിന സന്ദേശം കൈമാറി. പ്രകൃതി ചികിത്സയിലൂടെ അനീമിയ പരിഹാരം എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. ബീറ്റ്‌റൂട്ട്, നെല്ലിക്ക പാനീയം, മിക്‌സഡ് വെജിറ്റബില്‍ സാലഡ്, പായസം, പ്രകൃതിദത്തമായ ലഡു എന്നിവയാണ് വിതരണം ചെയ്തത്.

കോഴിക്കോട് ജില്ലയിലെ നാച്ചുറോപ്പതി ഒ പി സേവനങ്ങള്‍ ഭട്ട് റോഡിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയിലും ഇരഞ്ഞിക്കലിലെ ജില്ലാ ഹോമിയോ ആശുപത്രിയിലും ലഭ്യമാണെന്ന് ദേശീയ ആയുഷ് മിഷന്‍ ജില്ലാ മേധാവി ഡോ. അനീന പി. ത്യാഗരാജ് അറിയിച്ചു. വിവിധ പഞ്ചായത്തുകളിലായി 16 വെല്‍നെസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായും അടുത്ത വര്‍ഷത്തോടുകൂടി ജില്ലയില്‍ ആരംഭിക്കുന്ന 21 പുതിയ സെന്ററുകളില്‍ കൂടി യോഗ പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു

പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി മേപ്പയൂർ ഗ്രാമപഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു. 2023-24 വര്‍ഷത്തെ കരട് പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്.

വര്‍ക്കിംഗ് ഗ്രൂപ്പ് നിർദേശങ്ങൾ ആസൂത്രണ സമിതിയും പഞ്ചായത്ത് ഭരണസമിതിയും ചര്‍ച്ച ചെയ്യും. തുടർന്ന് ഡിസംബർ 31 ന് നടക്കുന്ന പഞ്ചായത്തിന്റെ വികസന സെമിനാറിൽ അവതരിപ്പിക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.പി ശോഭ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ബോർഡ് അംഗം എ സുധാകരൻ പദ്ധതി വിശദീകരണം നടത്തി.

സ്ഥിരം സമിതി അധ്യക്ഷന്മാരായ സുനിൽ, വി.പി രമ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, പഞ്ചായത്തംഗം റാബിയ എടത്ത് കണ്ടി തുടങ്ങിയവർ സംസാരിച്ചു. അസിസ്റ്റൻറ് സെക്രട്ടറി ഗംഗാധരൻ സ്വാഗതവും വിജയൻ മാസ്റ്റർ ശ്രീനിലയം നന്ദിയും പറഞ്ഞു.

ബേപ്പൂര്‍ ഫെസ്റ്റ്: ഒരുക്കങ്ങള്‍ വിലയിരുത്തി

സാഹസിക വിനോദത്തോടൊപ്പം കൂടുതല്‍ ഫുഡ് കൗണ്ടറുകളും ഒരുക്കും

ഡിസംബര്‍ 24 മുതല്‍ 28 വരെ നടക്കുന്ന ബേപ്പൂർ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഫെസ്റ്റിന്റെ ഭാഗമായി സാഹസിക വിനോദങ്ങളോടൊപ്പം മലബാറിന്റെ തനത് വിഭവങ്ങള്‍ ലഭ്യമാക്കുന്ന കൂടുതല്‍ ഫുഡ് കൗണ്ടറുകള്‍ കൂടി ഒരുക്കാന്‍ തീരുമാനിച്ചു. കോഴിക്കോടന്‍ വിഭവങ്ങളും മലബാറിന്റെ തനത് രുചികളും പരിചയപ്പെടുത്തുന്ന കൗണ്ടറുകളാണ് ഒരുക്കുക. കുടുംബശ്രീയുടെയും പ്രാദേശിക കച്ചവടക്കാരുടെയും സ്റ്റാളുകളും അനുവദിക്കും.

ഫെസ്റ്റിന്റെ ഭാഗമായി കടകളും റോഡിന്റെ ഇരുവശങ്ങളും പാലങ്ങളും ദീപാലംകൃതമാക്കുമെന്ന് ഇലുമിനേഷന്‍ കമ്മിറ്റി അറിയിച്ചു. ഫറോക്ക് പഴയ പാലം, പുതിയ പാലം, മാത്തോട്ടം എന്നീ പാലങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ ഇലുമിനേഷൻ ഒരുക്കും. ചാലിയം, പുലിമുട്ട് എന്നി സ്ഥലങ്ങളും ആകര്‍ഷണീയ രീതിയില്‍ അലങ്കരിക്കും. വ്യാപാരികളുടെ സഹകരണത്തോടെയാണ് കടകളും സമീപത്തുള്ള വൃക്ഷങ്ങളും ദീപാലംകൃതമാക്കുക. ഇതിനായി പ്രദേശത്തെ വ്യാപാരികളുടെ യോഗം വിളിച്ച് ചേര്‍ക്കും.

ഫെസ്റ്റിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി വാഹന പ്രചരണവും ബോര്‍ഡുകളും സ്ഥാപിക്കുമെന്ന് പ്രചരണ കമ്മിറ്റി അറിയിച്ചു. ബേപ്പൂരുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും പ്രചരണ പരിപാടികളുടെ ഭാഗമായി നടത്തും. പ്രചരണ വാഹനങ്ങള്‍ ഫെസ്റ്റിന്റെ ഏഴു ദിവസം മുമ്പ് ആരംഭിക്കും. പൊതുജനങ്ങളെ ആകര്‍ഷിക്കാനായി എക്‌സിബിഷനും നടത്തും.

യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി അധ്യക്ഷത വഹിച്ചു. ജില്ലാ വികസന സമിതി കമ്മീഷണര്‍ എം.എസ് മാധവിക്കുട്ടി, , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. ദീപ, ഡെപ്യൂട്ടി കലക്ടര്‍ കെ.ഹിമ, ഡിടിപിസി സെക്രട്ടറി നിഖിൽ പി.ദാസ്, കെഎസ്ഇബി കല്ലായി എ.ഇ പി.വി ശ്രീജയ, ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ കെ രാജീവ്,വാര്‍ഡ് കൗണ്‍സിലര്‍മാരായ സുരേഷ് കൊല്ലാറത്ത്,വാടിയില്‍ നവാസ്, വിവിധ കമ്മിറ്റി ഭാരവാഹികളായ എം സമീഷ്, എല്‍.യു അഭിധ്, പി.സുഭാഷ്, അജിത്ത് കുമാര്‍, മരക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.