പൊതുരംഗത്തും സൗഹൃദവലയത്തിലേക്കും ഇനി അവനില്ല; പുറക്കാട്ടെ അരുൺ കുമാറിന് കണ്ണീരോടെ വിട നൽകി നാട്
തിക്കോടി: സന്തോഷവും സങ്കടവും തമാശകളും പങ്കിടാൻ ഇനി അവർക്കരികിലേക്ക് അരുണില്ല. അപകടമില്ലാത്ത നാളുകളാണ് നമ്മുടെ ലക്ഷ്യമെന്ന പ്ലക്കാഡുമായി യാത്രചെയ്ത അരുണിന്റെ ജീവൻ കവർന്നതും വാഹനാപകടം തന്നെ. തൃശൂരിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച പുറക്കാട് കണ്ണോത്ത് അരുൺ കുമാറിന് കണ്ണീരോടെ വിട നൽകി നാട്.
എല്ലാവരുമായി നല്ല സൗഹൃദബന്ധം സൂക്ഷിക്കാൻ ശ്രമിച്ചിട്ടുള്ള അരുണിനെ അവസാനമായി ഒരു നോക്കു കാണാനായി നിരവധി പേരാണ് എത്തിയത്. രാത്രി നാട്ടിലെത്തിച്ച മൃതദേഹം പുറക്കാട് കൈനോളി സുകുമാരന്‍ സ്മാരക മിനി സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് രാത്രി പന്ത്രണ്ട് മണിയോടെ വീട്ടുവളപ്പില്‍ സംസ്കാരം ചടങ്ങുകൾ നടന്നു.
കഴിഞ്ഞ മാസം 24-ാം തിയ്യതിയാണ് അരുണ്‍കുമാര്‍ അപകടത്തില്‍ പെട്ടത്. തൃപ്രയാറിനടുത്ത് വച്ച് അരുണ്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സുമായി കൂട്ടിയിട്ടിച്ച് അപകടമുണ്ടാവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അരുണ്‍ ഒരു മാസമായി ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
മുക്കം കെ.എം.സി.ടി പോളി ടെക്നിക് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന അരുൺ കുമാർ പഠനത്തിന് ശേഷം നാട്ടിലെ പൊതുരംഗത്തും സജീവമായിരുന്നു. വലിയ സൗഹൃദവൃന്ദത്തിന് ഉടമയായ അരുൺ നാട്ടിലേവർക്കും പ്രിയപ്പെട്ടവനായിരുന്നു.