അകലാപ്പുഴയില്‍ ബേപ്പൂര്‍ പോര്‍ട്ട് ഓഫീസറുടെ പരിശോധന; ബോട്ടുകളുടെ സുരക്ഷിതത്വവും ലൈസന്‍സ് അടക്കമുള്ള കാര്യങ്ങളും പരിശോധിക്കും


കൊയിലാണ്ടി: അകലാപ്പുഴയില്‍ നിര്‍ച്ചിവെച്ച ഉല്ലാസ ബോട്ടുകളുടെ സര്‍വ്വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ അശ്വനി പ്രതാപ് ബുധനാഴ്ച സ്ഥലത്ത് പരിശോധനക്കെത്തും.

അകലാപ്പുഴയില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ സുരക്ഷിതമാണോയെന്നും, ആവശ്യമായ ലൈസന്‍സുകള്‍ ഉണ്ടോയെന്നും പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ അശ്വനി പ്രതാപ്, ഇറിഗേഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ഷാലു സുധാകരന്‍ എന്നിവരടങ്ങുന്ന സംഘത്തെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചക്കകം പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

തിക്കോടി, മൂടാടി, തുറയൂര്‍ പഞ്ചായത്തുകള്‍ അതിരിടുന്ന അകലാപ്പുഴയില്‍ വിനോദ സഞ്ചാരികള്‍ക്കായി സര്‍വീസ് നടത്തുന്ന യന്ത്രവല്‍കൃത ബോട്ടുകളും പെഡല്‍ ബോട്ടുകളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സവാരി നടത്തുന്നതെന്ന കൊയിലാണ്ടി തഹസില്‍ദാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ജില്ലാ കലക്ടര്‍ സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

ഇത്തരം ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നത് വേണ്ടത്ര സുരക്ഷാ ഉപകരണങ്ങളോ ക്രമീകരണങ്ങളാ ഇല്ലാതെയും, ആവശ്യമായ ലൈസന്‍സുകള്‍ ഇല്ലാതെയുമാണെന്നാണ് സെപ്റ്റംബര്‍ 29ന് തഹസില്‍ദാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. അതിനാലാണ് ബോട്ട് സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഒക്ടോബര്‍ 11ന് കലക്ടര്‍ തീരുമാനിച്ചത്.

ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഉല്ലാസ ബോട്ടുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുക. ബോട്ടുകള്‍ സുരക്ഷിതമാണോ, ആവശ്യമായ സുരക്ഷാ സാമഗ്രികള്‍ ഉണ്ടോ, നിയമപരമായ ലൈസന്‍സുകള്‍, അനുമതികള്‍ എന്നിവയുണ്ടോ, വിദഗ്ദരായ ജീവനക്കാരെ ഉപയോഗിച്ചാണോ ബോട്ട് സര്‍വീസ് നടത്തുന്നത്, ബോട്ട് സര്‍വ്വീസ് നടത്തുന്ന അകലാപ്പുഴയുടെ ഭാഗം സഞ്ചാരികള്‍ക്ക് സുരക്ഷിതമാണോ എന്നീ കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കാനാണ് കലക്ടര്‍ നിര്‍ദ്ദേശിച്ചത്.

2010ലെ കേരളാ ഉള്‍നാടന്‍ ജലവാഹന നിയമം അനുസരിച്ച് ലൈസന്‍സ് ഉളള ബോട്ടുകള്‍ക്ക് മാത്രമേ സര്‍വ്വീസ് നടത്താന്‍ അനുമതി ഉണ്ടാകുകയുളളുവെന്ന് പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. കൂടാതെ ബോട്ട് ഓടിക്കുന്നവര്‍ക്ക് കേരളാ മാരിടൈംബോര്‍ഡ് നല്‍കുന്ന സ്രാങ്ക് ലൈസന്‍സും സഹായിക്ക് ലസ്‌ക്കര്‍ ലൈസന്‍സും വേണം. കൂടാതെ തട്ടേക്കാട്ട് ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട എല്ലാ സുരക്ഷാ സംവിധാനങ്ങളും ബോട്ടില്‍ ഉണ്ടാവണം. എല്ലാ മാനദണ്ഡങ്ങളും ഉറപ്പാക്കിയാല്‍ സര്‍വ്വീസ് നടത്തുന്നതിന് തടസ്സമൊന്നുമില്ലെന്നാണ് പോര്‍ട്ട് ഓഫീസര്‍ പറയുന്നത്.

അതിനിടെ അകലാപ്പുഴയിലെ ഉല്ലാസ ബോട്ട് സര്‍വ്വീസ് നടത്തുന്നതിനായി ബോട്ടുടമകള്‍ നിര്‍മ്മിച്ച ജെട്ടികള്‍ തിക്കോടി ഗ്രാമ പഞ്ചായത്തിന് കൈമാറി. 11 ബോട്ടു ജെട്ടികളാണ് തിക്കോടി ഗ്രാമ പഞ്ചായത്ത് അതിരിടുന്ന അകലാപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തി ഉല്ലാസ ബോട്ട് സര്‍വ്വീസ് നടത്തുന്നതിതിന്റെ ഭാഗമായിട്ടാണ് ബോട്ട് ജെട്ടികള്‍ക്ക് മേലും പഞ്ചായത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിച്ചത്.

സെപ്റ്റംബര്‍ 25 ന് അകലാപ്പുഴയില്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചതിനെ തുടര്‍ന്നാണ് ഉല്ലാസ ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നതും തടഞ്ഞത്. ബേപ്പൂര്‍ പോര്‍ട്ട് ഓഫീസറുടെ ലൈസന്‍സ് ലഭിച്ച ബോട്ടുകളും ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നില്ല. പ്രവാസികളടക്കമുളളവര്‍ ബാങ്ക് വായ്പ പോലും എടുത്താണ് പുതിയ ബോട്ടുകള്‍ നിര്‍മ്മിച്ചത്.