ആക്രമിക്കാനായി പാഞ്ഞെത്തി തെരുവുനായ, രക്ഷപ്പെടാൻ ഓടിയപ്പോൾ തെറിച്ച് വീണു; കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന് സമീപം തെരുവ് നായ ആക്രമണത്തിൽ യുവാവിന് പരിക്ക്


കൊയിലാണ്ടി: തെരുവ് നായ ഭീതിയിൽ കൊയിലാണ്ടിയും. കൊയിലാണ്ടി ടൗണിൽ എസ്.ബി.ഐ ബാങ്കിന് സമീപം ആണ് യുവാവിന് നേരെ നായ കുരച്ചെത്തിയത്. രക്ഷപെടാനായി ഓടുന്നതിനിടെ വീണു പരിക്കേറ്റു. സി.കെ.ജി ബിൽഡിങ്ങിലെ സുധാമൃതം മൊബൈൽ ഷോപ്പ് ജീവനക്കാരനായ ആഷിക്കിനാണ് പരിക്കേറ്റത് എന്ന് സഹപ്രവർത്തകൻ പറഞ്ഞു.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. കെട്ടിടത്തിന്റെ പുറത്തേക്ക് പോയ ഇയാൾക്ക് നേരെ നായ കുരച്ചു ചാടുകയും ഓടിക്കുകയും ആയിരുന്നു. ഭീതിയിൽ ഓടിയ യുവാവ് തെറിച്ചു വീണു. വീഴ്ചയിൽ കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. കാലിന്റെ രണ്ടു മുട്ടുകൾ പൊട്ടുകയും കൈകൾക്ക് മുറിവുകളുമുണ്ടായി.

പൊതുവെ ഇവിടെ തെരുവുനായ്ക്കൾ ഉണ്ടെങ്കിലും ഇതുവരെ ഇത്തരത്തിലൊരു അക്രമണമുണ്ടായിട്ടെല്ലെന്നും നാട്ടുകാർ പറഞ്ഞു. നിരവധി പേർ ദിനവും യാത്ര ചെയ്യുന്ന വഴിയാണിത്. സമീപത്ത് തന്നെ എസ്.ബി.ഐ, കോ- ഓപ്പറേറ്റീവ് ബാങ്കുകളുള്ളതിനാൽ പ്രായമായവരുൾപ്പെടെ അനേകരാണ് ഇവടെ എത്തുന്നത്. ഇതുകൂടാതെ സമീപം ആർട്സ് കോളേജിലേക്ക് പോകാനും അനേകം വിദ്യാർത്ഥികളാണ് ഈ വഴി ആശ്രയിക്കുന്നത്. നിരവധി വീടുകളുമുള്ള സ്ഥലമാണ്. പ്രായ വിത്യാസമില്ലാതെ ആളുകൾ നിരന്തരം പോകുന്ന വഴിയായതിനാൽ തന്നെ ഇത്തരമൊരു ആക്രമണം ആശങ്ക ഉളവാക്കുന്നുണ്ട്.

ആഷിഖിന് നേരെ ഉണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന് ലഭിച്ചു. യുവാവിന്റെ പുറകെ കുരച്ചു കൊണ്ട് വരുന്ന നായയെയും ഓടി തെറിച്ചു വീഴുന്ന യുവാവിനെയും ദൃശ്യങ്ങളിൽ വ്യക്തമാണ്.