‘പനിയുടെ ബുദ്ധിമുട്ടുകൾ കഴിഞ്ഞ് തിങ്കളാഴ്ച മുതൽ ബേക്കറിയിൽ വരാമെന്നു പറഞ്ഞതാണ് അഗിന്‍’, എല്ലാവര്‍ക്കും നല്ലത് മാത്രം പറയാനുള്ള ചെറുപ്പക്കാരന്‍, ഒരുപാട് പേരുടെ സുഹൃത്ത്; ചെങ്ങോട്ട്കാവ് ഷസ്‌ലി ബേക്കറി ജീവനക്കാരന്‍ അഗിന്‍ഷാലിന്റെ മരണം ഇനിയും വിശ്വസിക്കാനാകാതെ നാട്


കൊയിലാണ്ടി: കഴിഞ്ഞ ദിവസം ചെങ്ങോട്ടുകാവില്‍ അന്തരിച്ച ഷസ്‌ലി ബേക്കറി ജീവനക്കാരന്‍ അഗിന്‍ഷാലിന്റെ മരണം ഇനിയും വിശ്വസിക്കാന്‍ നാടിന് കഴിഞ്ഞിട്ടില്ല. എല്ലാവര്‍ക്കും നല്ലത് മാത്രം പറയാനുള്ള ചെറുപ്പക്കാരനായിരുന്നു അഗിനെന്ന് സുഹൃത്തുക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് പറഞ്ഞു. തികച്ചും അപ്രതീക്ഷിതമായിരുന്നു അഗിന്റെ മരണമെന്നാണ് എല്ലാവരും പറയുന്നത്.

സുഹൃത്തുക്കളോടും പരിചയക്കാരോടും വളരെ കരുതലുള്ളയാളായിരുന്നു അഗിന്‍. കഴിഞ്ഞ കുറച്ച് ദിവസമായി അദ്ദേഹത്തിന് പനിയായിരുന്നു. ഞായറാഴ്ച വൈകീട്ട് അഗിന്റെ വീട്ടില്‍ സുഹൃത്തുക്കളെല്ലാം ഒത്തുകൂടിയിരുന്നു. ആ സമയത്ത് മുറിയുടെ ഉള്ളില്‍ നിന്ന് ജനലിലൂടെയാണ് അഗിന്‍ സുഹൃത്തുക്കളോട് സംസാരിച്ചത്. മറ്റുള്ളവര്‍ക്ക് തന്നില്‍ നിന്ന് പനി പകരാതിരിക്കാനുള്ള അവന്റെ കരുതലായിരുന്നു അതെന്ന് സുഹൃത്തുക്കള്‍ വേദനയോടെ ഓര്‍ക്കുന്നു.

[Mid1]

അടുത്ത ദിവസം രാവിലെ ഡ്യൂട്ടിക്ക് വരാമെന്ന് അഗിന്‍ ഞായറാഴ്ച വൈകീട്ട് തന്നോട് പറഞ്ഞതായി ചെങ്ങോട്ടുകാവിലെ ഷസ്‌ലി ബേക്കറി ഉടമ ഷല്‍ഫിത്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. എല്ലാവര്‍ക്കും സഹായം ചെയ്യുന്ന ആളായിരുന്നു അഗിന്‍. ഒരു രൂപ പോലും അനാവശ്യമായി കൈപ്പറ്റാന്‍ തയ്യാറല്ലാത്ത സത്യസന്ധനായിരുന്നു. ബേക്കറിയില്‍ നിന്ന് എടുക്കുന്ന സാധനങ്ങള്‍ക്ക് പണം വേണ്ടെന്ന് പറഞ്ഞാല്‍ പോലും അത് ചെവിക്കൊള്ളാതെ മുഴുവന്‍ പണവും നല്‍കിയേ സാധനങ്ങള്‍ എടുക്കാറുണ്ടായിരുന്നുള്ളൂവെന്ന് അദ്ദേഹം ഓര്‍ക്കുന്നു.

ബേക്കറിയുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ കേരള ഗ്രാമീണ ബാങ്ക് പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ വരുന്ന പ്രായമായവര്‍ക്കും മറ്റും ഫോം പൂരിപ്പിച്ച് നല്‍കുന്നത് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ അഗിന്‍ തന്റെ ജോലിക്കിടെ ചെയ്ത് കൊടുക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഗിന്‍ഷാലിന്റെ മൃതദേഹം സംസ്‌കരിച്ചു. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് ആളുകളാണ് അഗിനെ അവസാനമായി ഒരുനോക്ക് കാണാനായി എത്തിയത്.

ചെങ്ങോട്ടുകാവ് ടൗണിന് പടിഞ്ഞാറ് വസന്തപുരം ചോനാംപീടികയില്‍ പരേതനായ ബാലകൃഷ്ണന്റെയും വല്‍സലയുടെയും മകനാണ് അഗിന്‍ഷാല്‍. മുപ്പത്തിനാല് വയസായിരുന്നു. അജിന്‍ഷാലും അഞ്ജലിയും സഹോദരങ്ങളാണ്.