യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ നമ്പർ 16607 അൽപ്പ സമയത്തിനുള്ളിൽ ഒന്നാം നമ്പർ പ്ലാറ്റഫോമിലേക്ക് എത്തിച്ചേരും; ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് നാളെ മുതൽ വണ്ടി കയറാം


ചേമഞ്ചേരി: അവഗണനയുടെ മറവിൽ നിന്ന് പോയ ചൂളം വിളികൾ ചേമഞ്ചേരിക്ക് നാളെ മുതൽ വീണ്ടും കേട്ട് തുടങ്ങാം. മൂന്ന് വര്‍ഷത്തിന് ശേഷം നാളെ മുതൽ തീവണ്ടികൾ നിർത്തി തുടങ്ങും.

കോവിഡ് കാലത്ത് ആണ് നിരവധി യാത്രക്കാർ ആശ്രയിച്ചിരുന്ന ചേമഞ്ചേരി സ്റ്റേഷന് പൂട്ട് വീണത്. യാത്രകൾ സാധാരണ ഗതിയിലായതോടെ വീണ്ടും ട്രെയിൻ യാത്ര ആരംഭിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ പല കാരണങ്ങളാൽ അത് തള്ളി പോവുകയായിരുന്നു, ഒടുവിൽ നിവേദനങ്ങൾക്കും പ്രതിഷേധങ്ങൾക്കും തുടര്‍ന്ന് നിര്‍ത്തലാക്കിയ എല്ലാ ട്രെയിനുകള്‍ക്കും ഒക്‌ടോബര്‍ പത്ത് മുതല്‍ ചേമഞ്ചേരി ഹാള്‍ട്ട് സ്റ്റേഷനില്‍ സ്‌റ്റോപ്പ് അനുവദിച്ച് തീരുമാനമാവുകയായിരുന്നു.

കോയമ്പത്തൂർ -കണ്ണൂര്‍ (16608), കോഴിക്കോട്-കണ്ണൂര്‍ (06481), തൃശൂര്‍-കണ്ണൂര്‍ (16609), കണ്ണൂര്‍-കോയമ്ബത്തൂര്‍ (16607), മംഗളൂരു-കോഴിക്കോട് (16610), കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമു, കണ്ണൂര്‍-കോഴിക്കോട് മെമു എന്നീ ട്രെയിനുകളാണ് ചേമഞ്ചേരിയില്‍ നിര്‍ത്തുക. ടിക്കറ്റ് നല്‍കാന്‍ സ്വകാര്യ ഏജന്‍റുമാരെ നിയോഗിക്കാനാണ് റെയില്‍വേയുടെ തീരുമാനം.

സ്വാതന്ത്ര്യ സമര പോരാട്ടത്തിന്‍റെ ഓര്‍മകളുറങ്ങുന്ന സ്റ്റേഷനായതിനാൽ തന്നെ നാട്ടുകാർക്ക് ഏറെ വൈകാരികമായ അടുപ്പവും സ്റ്റേഷനോട് ഉണ്ട്. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കാട് മൂടികിടന്നിരുന്ന സ്റ്റേഷൻ പരിസരം കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഗാന്ധി ജയന്തി ദിനത്തില്‍ ശുചീകരിച്ചിരുന്നു.

നാളെ മുതൽ വീണ്ടും യാത്രയ്ക്കായി ചേമഞ്ചേരി സ്റ്റേഷനെ ആശ്രയിച്ചു തുടങ്ങാമെന്ന സന്തോഷം നിലനിൽക്കുമ്പോഴും നിരവധി അസൗകര്യങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്. പ്ലാറ്റ്ഫോമിന് വേണ്ടത്ര ഉയരമില്ലാത്തതിനാൽ വയോജനങ്ങളും സ്ത്രീകളും പ്രത്യേകിച്ച് കുട്ടികളും ട്രെയിനില്‍ കയറാന്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പാളംഉയർത്തിയെങ്കിലും അതിനനുസരിച്ച്‌ പ്ലാറ്റ്‌ഫോം ഉയർത്തത്തോടെയാണ് ഇത് പ്രശ്നമായത്.

പ്ലാറ്റ്ഫോമില്‍ യാത്രക്കാര്‍ക്കായി കൂടുതല്‍ ഇരിപ്പിടങ്ങളും ഷെല്‍ട്ടറുകളും സ്ഥാപിക്കണമെന്ന ആവശ്യവും ഇതുവരെ ഒരു പരിഹാരം കണ്ടിട്ടില്ല. സ്റ്റേഷന്റെ വടക്കുഭാഗത്തുള്ള ബോര്‍ഡ് കഴിഞ്ഞും പ്ലാറ്റ്ഫോം ഉള്ളതിനാല്‍ ബോര്‍ഡ് അറ്റത്തേക്ക്‌ മാറ്റി, ഫെന്‍സിങ് നിര്‍മിച്ച്‌ ലാംപ് പോസ്റ്റുകള്‍ സ്ഥാപിക്കണം എന്ന ആവശ്യത്തിനോടും റെയിൽവേ അവഗണനയുടെ മുഖമാണ് കാണിക്കുന്നത്.