‘മാര്‍ച്ച് നടത്തിയ റോഡ് ആദ്യം ശരിയാക്കട്ടെ, റെയില്‍വേ സ്‌റ്റേഷന്റെ കാര്യം എം.പി നോക്കുന്നുണ്ട്’; തനിക്കെതിരായ സി.പി.എം ആരോപണത്തിൽ കെ.മുരളീധരന്‍ എം.പി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണയ്ക്കെതിരെ സി.പി.എം ചൊവ്വാഴ്ച നടത്തിയ മാര്‍ച്ചില്‍ ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി വടകര എം.പി കെ.മുരളീധരന്‍. സി.പി.എം മാര്‍ച്ച് കടന്ന് പോയ റോഡൊക്കെ തകര്‍ന്ന് കിടക്കുകയാണ്, അത് അവര്‍ ആദ്യം ശരിയാക്കട്ടെ, റെയില്‍വേ സ്റ്റേഷന്റെ കാര്യം എം.പി കൃത്യമായി നോക്കുന്നുണ്ട് എന്ന് മുരളീധരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

‘കൊയിലാണ്ടിക്ക് പുറമെ കേരളത്തിലെ പല റെയില്‍വേ സ്റ്റേഷനുകളിലും കോവിഡിന്റെ സമയത്ത് ട്രെയിനുകളുടെ സ്റ്റോപ്പ് നിര്‍ത്തലാക്കിയിരുന്നു. അതൊന്നും റെയില്‍വേ പുനഃസ്ഥാപിച്ചിട്ടില്ല. കേരളത്തിലെ എല്ലാ എം.പിമാരും സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കാന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊയിലാണ്ടി സ്റ്റേഷന്റെ കാര്യം വടകര എം.പി ഫോളോ അപ്പ് ചെയ്യുന്നുണ്ട്.’ -മുരളീധരന്‍ പറഞ്ഞു.


Also Read: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനോടുള്ള അവഗണയ്‌ക്കെതിരെ മാർച്ച് നടത്തി സി.പി.എം; സ്റ്റേഷന് നൂറ് മീറ്റർ അകലെ വെച്ച് വടം കെട്ടി തടഞ്ഞ് കൊയിലാണ്ടി പോലീസ്: വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


താന്‍ എം.പിയായിരിക്കെയാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം പ്രവര്‍ത്തനം ആരംഭിച്ചത്. വിശാലമായ ടിക്കറ്റ് കൗണ്ടര്‍ ഉള്‍പ്പെടെ ഈ കെട്ടിടത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനു വേണ്ടി താന്‍ ചെയ്യുന്ന കാര്യങ്ങള്‍ മാര്‍ക്‌സിസ്റ്റുകാരെ ബോധ്യപ്പെടുത്തേണ്ടതില്ല. തറ രാഷ്ട്രീയമാണ് സി.പി.എം കളിക്കുന്നതെന്നും കെ.മുരളീധരന്‍ എം.പി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ടാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലേക്ക് സി.പി.എം മാര്‍ച്ച് നടത്തിയത്. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കുക, കോവിഡിന് മുമ്പ് കൊയിലാണ്ടിയില്‍ നിര്‍ത്തിയിരുന്ന തീവണ്ടികളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ക്കൊപ്പം വടകര എം.പി കെ.മുരളീധരന്റെ അനാസ്ഥ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവും സി.പി.എം മാര്‍ച്ചില്‍ ഉയര്‍ത്തിയിരുന്നു.

കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്നാണ് റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് ആരംഭിച്ചത്. സ്റ്റേഷന് നൂറ് മീറ്റര്‍ അകലെ വെച്ച് കൊയിലാണ്ടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മാര്‍ച്ച് വടംകെട്ടി തടഞ്ഞു നിര്‍ത്തി.


Related News: അസൗകര്യങ്ങളുടെ താത്കാലിക ടിക്കറ്റ് കൗണ്ടറിനു വിട; കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ പുതിയ ടിക്കറ്റ് കൗണ്ടർ പ്രവർത്തനം ആരംഭിച്ചു: വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക